X

ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഛായ ഇല്ലേയെന്ന് വി എസ്

അഴിമുഖം പ്രതിനിധി

മോദിയുടെ സൊമാലിയന്‍ ഉപയെ വിമര്‍ശിച്ചും അതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം സൊമാലിയ അല്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും കണ്ടാല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഛായ ഉണ്ടെന്നാണ് വി എസിന്റെ പരിഹാസം. അതേസമയം മോദിയും കേന്ദ്ര സര്‍ക്കാരും കേരളത്തോട് കാണിക്കുന്ന അവഗണനയെയും വി എസ് വിമര്‍ശിക്കുന്നുണ്ട്.

വി എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം സൊമാലിയ അല്ല, തീര്‍ച്ച; 

പക്ഷേ, ഉമ്മന്‍ ചാണ്ടിയും കൂട്ടാളികളും സൊമാലിയന്‍ കടല്‍കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി കേരളത്തെ നന്നാക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രി ആയിട്ട് രണ്ട് വര്‍ഷം ആയി. കേരളത്തിന്റെ നിലനില്‍പ്പിന് അടിയന്തരമായി ആവശ്യം വേണ്ട കാര്യങ്ങള്‍ ഗവണ്‍മെന്റും പ്രതിപക്ഷവും അദ്ദേഹത്തിന്റെ മുമ്പാകെ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ചെയ്യും എന്ന് പറയുന്നതല്ലാതെ ഇതവരെ ഒരു കാര്യവും അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തിട്ടില്ല. കുറച്ച് ദിവസം മുമ്പ് ഒരു പോസ്റ്റില്‍ നരേന്ദ്ര മോഡി നടത്തിയ ഇത്തരം വാഗ്ദാന ലംഘനങ്ങളുടെ പട്ടിക ഞാന്‍ നിരത്തിയിരുന്നു. അതിന് ബി.ജെ.പി.യുടെയൊ ആര്‍.എസ്.എസ് ന്റെയൊ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

നരേന്ദ്രമോഡി ഇപ്പോള്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ചിരിക്കുകയാണ്. ശിശു മരണനിരക്ക് കേരളത്തെക്കാള്‍ മെച്ചമാണ് സൊമാലിയയുടെത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ലോകമെമ്പാടും പുകഴ്ത്തപ്പെടുന്ന ഒരു വികസന മാതൃകയാണ് കേരളത്തിന്റേത്. ഇങ്ങനെ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കാന്‍ അടിത്തറ ഒരുക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ആകൊണ്ട് ഞാന്‍ നരേന്ദ്ര മോഡിയോട് പറയുന്നു കേരളവും സോമാലിയയും തമ്മില്‍ യാതൊരു സാമ്യവുമില്ല. എന്തിന് നിങ്ങളുടെ ഗുജറാത്തിനെക്കാള്‍ ജീവിതനിലവാര മേഖലകളില്‍ എത്രയോ മുകളിലാണ് കേരളം.

ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന പോലെ സൊമാലിയ ആയുധമാക്കി രണ്ട് വോട്ട് തട്ടാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതിവ് പോലെ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തെ ഗുജറാത്താക്കാനുള്ള മോഡിയുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്. കിങ്കരനാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ഈ ഗുജറാത്ത് മോഡല്‍ നടപ്പിലാക്കിയാല്‍ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം രക്തപങ്കിലമാകും.

ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി, കേരളം സൊമാലിയ അല്ലെങ്കിലും നിങ്ങള്‍ക്കും കൂട്ടാളികള്‍ക്കും സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ ഒരു ഛായ ഇല്ലേ? അല്ല നിങ്ങള്‍ അവരെയും നാണിപ്പിക്കുന്നുണ്ടാവാം!

This post was last modified on December 27, 2016 4:09 pm

Related Post
Leave a Comment