X

ചെയ്തത് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം; നിലപാട് വ്യക്തമാക്കി വി.എസ്

വി.എസിനെ മുഖ്യമന്ത്രിയാക്കാത്തതിനെ ചൊല്ലിയും അദ്ദേഹത്തിന് ഇനി എന്തു പദവി നല്‍കും എന്നതിനെ ചൊല്ലിയുമൊക്കെ തര്‍ക്കങ്ങളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. വി.എസ് പാര്‍ട്ടി തീരുമാനത്തിനെതിരെ എന്തെങ്കിലും സംസാരിക്കുമോ എന്നായിരുന്നു മാധ്യമങ്ങളും ഉറ്റുനോക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് വി.എസ് തന്നെ രംഗത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത് ഏഴര പതിറ്റാണ്ട് കാലമായി അവിശ്രമം ചെങ്കൊടി പിടിക്കുന്ന തന്റെ കടമയായിരുന്നു എന്നും വി.എസ് പറയുന്നു. അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം. 

 

കേരളത്തില്‍ ഇടതു മുന്നണി ജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

 

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതും ഇതുകൊണ്ടാണ്. ദേശീയ തലത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും ഭീതിദമായ വെല്ലുവിളിയാണ് ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട ഇടതുപക്ഷത്തിന്റെ നില പാര്‍ട്ടി ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ ബംഗാളില്‍ അടക്കം അത്ര ഭദ്രവും അയിരുന്നില്ല. വര്‍ഗീയതയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളര്‍ച്ചയ്ക്ക് ഒത്താശയും ചെയ്യുന്ന യു.ഡി.എഫ് ആണ് കേരളം ഭരിച്ചിരുന്നത്. കേരള സമൂഹത്തെ മാനവിക വിപ്‌ളവത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ പേരു പോലും ദുരപയോഗപ്പെടുത്തി സാധാരണ ജനങ്ങളെ ചേരി തിരിക്കാനായി വര്‍ഗീയ വിഷം ചീറ്റാന്‍ ചില മുതലാളിമാരും ശ്രമം ശക്തമാക്കിയിരുന്നു. അഴിമതി തുടരാന്‍ വേണ്ടി എല്ലാത്തരം വര്‍ഗ്ഗീയ ശക്തികളെയും അകമഴിഞ്ഞ് സഹായിക്കുന്ന ഈ സര്‍ക്കാര്‍ തുടര്‍ന്നാല്‍ കേരളത്തെ വിറ്റുതുലയ്ക്കും എന്നു മാത്രമല്ല കേരളത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി ആ വിഷമരം വളരാന്‍ അവസരവും നല്‍കിയേനെ. കേരളത്തെ വിഴുങ്ങാനായി വാ പിളര്‍ന്നു നില്‍ക്കുന്ന ഈ വിഷപാമ്പിന്റെ പിടിയില്‍ നിന്നും ഭാവി തലമുറയെ രക്ഷിക്കാന്‍

 

കേരളത്തില്‍ ഇടത് ഭരണം വരേണ്ടത് അനിവാര്യമായിരുന്നു. ദേശീയ തലത്തില്‍
വര്‍ഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമര ശക്തി നിലനിര്‍ത്താനും കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിലാണ് കേരളത്തില്‍ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത്. ഏഴര പതിറ്റാണ്ട് കാലമായി അവിശ്രമം ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു അത്. എന്റെ കൂടി എളിയ പങ്കാളിത്തത്തില്‍ മാറ്റിമറിക്കപ്പെട്ട കേരള സമൂഹത്തോടും അതിന് നേതൃത്വം നല്‍കിയ എന്റെ പാര്‍ട്ടിയോടും ഈ പോരാട്ടത്തിന് എന്നും പിന്തുണയും ഐക്യദാര്‍ഡ്യവും നല്‍കിയ ജനങ്ങളോടുമുളള കടമ.

 

അതു നിര്‍വഹിക്കാനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങള്‍ വഴിയും പോരാട്ടം നടത്തി. ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കാനും കേസില്‍ കുടുക്കാനുമാണ് അവര്‍ ശ്രമിച്ചത്. എന്നും പോര്‍മുഖങ്ങളില്‍ എന്നെ പിന്തുണച്ച ജനങ്ങള്‍ ഇത്തവണയും വലിയ പിന്തുണയാണ് നല്‍കിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നല്‍കിയാണ് ജനങ്ങള്‍ ഇടതു മുന്നണിയെ സ്വീകരിച്ചത്.

 

ഇതുവരെയുള്ള എന്റെ പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കില്‍ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങള്‍… കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുളള പോരാട്ടങ്ങള്‍…

 

This post was last modified on December 27, 2016 4:07 pm