X

നിസാമിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് വിഎസിന്റെ കത്ത്

അഴിമുഖം പ്രതിനിധി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ പൈശാചികമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരേ കാപ്പ ചുമത്തി അന്വേഷണം ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാതനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തയച്ചു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് വി.എസ് ആഭ്യന്തരമന്ത്രിക്കു കത്തയച്ചത്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചു ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്കു നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെടുക്കണമെന്നാണു വി.എസ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു ദിവസത്തിനകം നിസാമിന്റെ പേരില്‍ കാപ്പ നിയമപ്രകാരം കേസെടുക്കുമെന്നും തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ ഹാജരാക്കി അതിവേഗ കോടതിയില്‍ വിചാരണ നടത്തി പ്രതിക്കു ശിക്ഷ ഉറപ്പാക്കുമെന്നും ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്കു താത്പര്യമുള്ള അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമെന്നുമാണു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കിയിരുന്നത്. നിസാമിന്റെ പേരിലുള്ള നിരവധി മറ്റു ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതിനെപ്പറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഇരുവരും ചന്ദ്രബോസിന്റെ വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും ഇവയൊന്നും നടപ്പാക്കാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയാറായിട്ടില്ല. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും നിസാമിനെ ഏതുവിധേനയും രക്ഷിക്കാനുമുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പരാതിപ്പെടുന്നു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരുന്നതും കൊലപാതകത്തിനാധാരമായ ആക്രമണം നടന്ന സമയത്തു ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം നശിപ്പിച്ചുകളഞ്ഞതും കേസ് തേച്ചുമായ്ച്ചുകളയാനും, പ്രതി നിസാമിനെ രക്ഷിക്കാനുമുള്ള പോലീസിന്റെയും സര്‍ക്കാരിന്റെയും ആസൂത്രിത നീക്കമാണെന്ന് അവര്‍ക്കു പരാതിയുണ്ട്.

പോലീസുകാര്‍ കൈക്കൂലി വാങ്ങി കേസ് ഒതുക്കുന്നതു മാത്രമല്ല പ്രശ്‌നം. ഇതു കോണ്‍ഗ്രസിന്റെയും ഭരണകക്ഷിയുടെയും സംഘടിതമായ കൈക്കൂലിയുടെയും അഴിമതിയുടെയും ക്രിമിനല്‍വത്കരണത്തിന്റെയും തെളിവാണ്. അഴിമതിപ്പണം കൈപ്പറ്റി ഏതു ക്രിമിനലുകളെയും രക്ഷപ്പെടുത്തുന്ന യുഡിഎഫിന്റെ പൊതുസമീപനമാണ് ഇതില്‍ വെളിവാകുന്നതെന്നും വി.എസ് ആരോപിച്ചു.

നേരത്തെ ക്രിമിനല്‍ കേസില്‍ സുപ്രീംകോടതി വരെ ശിക്ഷ ശരി വച്ച പ്രതിയെ ഒരുലക്ഷം രൂപ മാത്രം കെട്ടിവച്ച് ശിക്ഷ ഇളവാക്കി കൊടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി ഏത് ക്രിമിനലിനേയും വെള്ളപൂശാനും രക്ഷപ്പെടുത്താനുമുള്ള സര്‍ക്കാര്‍ നയമാണ് വെളിവാക്കുന്നത്. ചന്ദ്രബോസിന്റെ കുടുംബത്തിന് നീതി ലഭിക്കാത്തത് സര്‍ക്കാരിന്റെ ഇത്തരം നടപടിയാണെന്നും വിഎസ് വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 2:52 pm