X

മാവോയിസ്റ്റുകളെ കൊന്നത് തെറ്റ്: വിഎസ്

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ കരുളായിയിലെ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന നടപടി തെറ്റാണെന്ന് വിഎസ് അച്യുതാനന്ദന്‍. ഏറ്റുമുട്ടല്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നവംബര്‍ 24ന് നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് വിഎസ് ആദ്യമായാണ് പ്രതികരിക്കുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന സംശയം ശക്തമായിരിക്കുകയും പൊലീസിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളലേത് പോലുള്ള മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്നും അഭിപ്രായം പറയുന്നവരെ വെടിവച്ച് കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട സിപിഐ ഇക്കാര്യത്തില്‍ പൊലീസിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ കൊലപാതകത്തെ അപലപിച്ച് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

This post was last modified on December 27, 2016 2:14 pm