X

സഹകരണ ബാങ്കുകളെ ഇല്ലാതാക്കി കേരളത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നു: വി എസ്

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന്റെ മുന്നിലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രതിഷേധധര്‍ണ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്കുകള്‍ക്കെതിരെ കള്ള പ്രചരണങ്ങള്‍ നടത്തി സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് വിഎസ് ആരോപിച്ചു.

സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി. 95 വയസ് കഴിഞ്ഞ അമ്മയെ പോലും ക്യൂവില്‍ കൊണ്ടുപോയി നിര്‍ത്തിയ മോദിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ ശാപത്തില്‍ നിന്നുപോലും രക്ഷപ്പെടാനാവുമോ എന്ന് വിഎസ് ചോദിച്ചു. രാജ്യത്തെ സാധാരണക്കാരുടെ വയറ്റത്തടിച്ച് വിദേശങ്ങളിലിരുന്ന് മോദി കുഴലൂതുമ്പോള്‍, സാധാരണക്കാരന്‍ അവന്‍ അധ്വാനിച്ച പണത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു.

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സഹകരണ മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതിനിടെ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റിസര്‍വ് ബാങ്ക് ധര്‍ണ്ണയെ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി.

This post was last modified on December 27, 2016 2:17 pm