X

കനയയ്യെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡിയിലും മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ജെഎന്‍യുവില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്ത സംഘത്തിനൊപ്പം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും ഉണ്ടായിരുന്നതായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് പറയുന്നു.

ഇന്ന് കനയ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതുകാരണം സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം കോടതിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കനയ്യയെ അറസ്റ്റ് ചെയ്തത്‌ മുതല്‍ സ്വീകരിക്കുന്ന നിലപാടില്‍ ഡല്‍ഹി പൊലീസ് ഉറച്ചു നില്‍ക്കുകയാണ്. ജെഎന്‍യു നടത്തിയ അന്വേഷണത്തിലും കനയ്യ അടക്കം എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ തെളിവ് കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെടുന്നുണ്ട്. കനയ്യ ഭരണഘടനാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വാദം.

അതേസമയം, ഹൈക്കോടതിയില്‍ കീഴടങ്ങാന്‍ സുരക്ഷ നല്‍കണമെന്ന് ഉമര്‍ ഖാലിദും അനിര്‍ബനും ആവശ്യപ്പെട്ടിട്ടുണ്ട്. ജെഎന്‍യു വിവാദം ആരംഭിച്ചപ്പോള്‍ ഒളിവില്‍ പോയ ഇവര്‍ ഞായറാഴ്ചയാണ് തിരികെ ക്യാമ്പസിലെത്തിയത്. ഇവര്‍ക്കെതിരെയും രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ക്യാമ്പസില്‍ കയറാന്‍ പൊലീസിന് അനുവാദം നല്‍കിയിട്ടില്ല.

പൊലീസ് കസ്റ്റഡിയിലായിരുന്ന കനയ്യകുമാറിനെ ഫെബ്രുവരി 15-ന് പട്യാല ഹൗസ് കോടതിയില്‍ വച്ച് മര്‍ദ്ദിച്ചത് തങ്ങളാണെന്ന് ഏറ്റുപറയുന്ന അഭിഭാഷകരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യാടുഡേയുടെ സ്റ്റിങ് ഓപ്പറേഷനിലാണ് അഭിഭാഷകരുടെ ഏറ്റുപറച്ചില്‍ പുറത്തുവന്നത്.

വിക്രം സിംഗ് ചൗഹാന്‍, യശ്പാല്‍ സിംഗ്, ഓം ശര്‍മ്മ എന്നീ അഭിഭാഷകരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. ഇവര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നുവെങ്കിലും ആരേയും ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് കസ്റ്റഡിയില്‍ മൂന്നുമണിക്കൂറോളം തങ്ങള്‍ കനയ്യയെ മര്‍ദ്ദിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കനയ്യയെ മര്‍ദ്ദിച്ച് ഭാരത് മാത കീ ജയ് എന്ന് വിളിപ്പിച്ചുവെന്ന് ചൗഹാന്‍ പറഞ്ഞു. 

‘ദേശ വിരുദ്ധ ഘടകങ്ങളെ’ പാഠം പഠിപ്പിക്കാനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായിരുന്നു ആക്രമണം എന്ന് ഒളിക്യാമറയില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത തവണ പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അഭിഭാഷകര്‍ പറഞ്ഞു.

കനയ്യയെ ആക്രമിച്ചതില്‍ പൊലീസുകാരും തങ്ങളെ അഭിനന്ദിച്ചതായി ചൗഹാന്‍ പറയുന്നു. ഉമര്‍ ഖാലിദിനെ ആക്രമിക്കാനും പദ്ധതിയുള്ളതായി ഇയാള്‍ വെളിപ്പെടുത്തി.

 

This post was last modified on February 23, 2016 11:38 am