X

കര്‍ണാടകയില്‍ അനിശ്ചിതത്വങ്ങള്‍ക്ക് ഒരു നാള്‍ കൂടി, കുമാരസ്വാമിയെ മറിച്ചിട്ടാലും വിമത എംഎല്‍എമാരുടെ മോഹം നടക്കുമോ? സ്പീക്കര്‍ തീരുമാനിക്കും

സ്പീക്കരുടെ അധികാരം സംബന്ധിച്ച് തിരുമാനം വിശദമായ വാദത്തിന് ശേഷം

കര്‍ണാടകയില്‍ അനിശ്ചിതത്വത്തിന് ഒരു നാള്‍ കുടി ആയുസ്സ് നല്‍കി സുപ്രീം കോടതിയുടെ വിധി. സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, വിമത എംഎല്‍എമാരെ സഭയില്‍ ഹാജരാകുന്നതിന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇതോടെ സ്പീക്കറുടെ തീരുമാനം വിമത എംഎല്‍എമാരെ സംബന്ധിച്ച് നിര്‍ണായകമായി. നാളെയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ട്.

കൂറുമാറ്റ നിരോധന നിയമത്തിന് ശേഷം സ്പീക്കറുടെ അധികാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധന ഉണ്ടാകുമെന്നാണ് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. സ്പീക്കറുടെ അധികാരത്തെ സംബന്ധിച്ച് വിശദമായ വാദത്തിന് ശേഷം കോടതി തീരുമാനമെടുക്കും.

‘സ്പീക്കറുടെ വിവേചനാധികാരത്തെ കോടതിയുടെ ഇടപെടല്‍ കൊണ്ട് തടസ്സപ്പെടുത്താന്‍ കഴിയില്ല. എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് അദ്ദേഹത്തിന് ഉചിതമായ സമയത്ത് തീരുമാമെടുക്കാം. എന്നാല്‍ രാജി സമര്‍പ്പിച്ച എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല’ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എംഎല്‍എമാരെ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെ വിപ്പ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നാണ് ഒരു വാദം. എന്നാല്‍ വിപ്പിനെ സംബന്ധിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എംഎല്‍എമാരെ നിര്‍ബന്ധിപ്പിച്ച് സഭയില്‍ പങ്കെടുക്കുകയെന്ന സമ്പ്രദായം ഇല്ലെന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. അതേസമയം വിപ്പിന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധിച്ചാണ് നിലപാടാണ് സ്വീകരിച്ചത്. ‘വിപ്പ് പുറപ്പെടുവിക്കുന്നത് പാര്‍ട്ടികളാണ്. അംഗങ്ങള്‍ വിപ്പ് ലംഘിച്ചുവെന്ന പരാതി പാര്‍ട്ടി ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മാത്രമാണ് സ്പീക്കര്‍ക്ക് ഇടപെടാന്‍ സാധിക്കുക.’ വിധിയെക്കുറിച്ച് ഇന്ത്യ ടുഡെ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരിക്കുകയും വിപ്പ് ലംഘിച്ചതിന് പരാതി നല്‍കിയാല്‍ അയോഗ്യരാക്കാനുമുള്ള സാധ്യത ഈ പ്രതികരണത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

16 ഭരണമുന്നണി എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. ഇവരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജി സമര്‍പ്പിച്ച എംഎല്‍എമാരില്‍ ചിലര്‍ അയോഗ്യത നേരിടുന്നവരാണെന്നാണ് സ്പീക്കറുടെ പക്ഷം.

എംഎല്‍എമാരെ രാജി സ്വീകരിക്കുകയാണോ അയോഗ്യത കല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നത് സാമാജികരെ സംബന്ധിച്ച് നിര്‍ണായകമാണ്. രാജി സ്വീകരിക്കുകയും ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കുകയും ചെയ്താല്‍ രാജിവെച്ച എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കും. ആറ് മാസത്തിനകം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതി. അതേസമയം അയോഗ്യരാക്കിയാല്‍ ഉടനെ അവര്‍ക്ക് മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ കഴിയില്ല. ഇതോടെ ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചത് മന്ത്രിസ്ഥാനം ലഭിക്കുമെന്ന തോന്നലാണെങ്കില്‍ അത് അവര്‍ക്ക് ലഭിക്കാതെ പോകും.

അയോഗ്യരാക്കപ്പെട്ടാല്‍ വിജയിച്ച് വന്നാല്‍ മാത്രമെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു
നിയമസഭാംഗങ്ങളുടെ രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. ഭരണമുന്നണിയുടെ അംഗസംഖ്യ 100 ആയി കുറയും. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 105 അംഗങ്ങളുടെ പിന്തുണ മതിയാകും. ബിജെപിയ്ക്ക് 105 അംഗങ്ങള്‍ ഉണ്ട്. രണ്ട് സ്വതന്ത്ര സാമാജികരുടെ പിന്തുണയും അവര്‍ക്ക് ലഭിക്കും.

13 കോണ്‍ഗ്രസ് എം എല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ജൂലൈ ആറാം തീയതി രാജിവെച്ചത്. ഇതോടെ ഭരണമുന്നണിയുടെ അംഗസഖ്യ 117 ല്‍നിന്ന് 101 ആയി ചുരുങ്ങിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ നാളത്തെ വിശ്വാസവോട്ട് സര്‍ക്കാര്‍ അതീജിവിക്കാന്‍ വലിയ അത്ഭുതങ്ങള്‍ നടക്കണം. കാരണം രാജി സമര്‍പ്പിച്ച എംഎല്‍എമാര്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിട്ടില്ല. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് പറഞ്ഞ നാഗരാജ് പിന്നീട് വാക്കുമാറ്റുകയായിരുന്നു. അതേസമയം എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ തന്ത്രജ്ഞന്‍ ഡികെ ശിവകുമാര്‍ പിന്മാറിയിട്ടില്ല. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ് പറഞ്ഞു. സ്പീക്കറുടെ അന്തിമ വിധി സുപ്രീം കോടതി പിന്നീട് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേതാക്കളുടെയും വിമത എംഎല്‍എമാരുടെയും പ്രതികരണത്തില്‍നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ വിശ്വാസ വോട്ട് അതിജീവിക്കാനുള്ള സാധ്യതക്കുറവാണെന്നാണ്. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വിമതര്‍ ആവര്‍ത്തിച്ചതോടെ കുമാര സ്വാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു വര്‍ഷത്തിനും രണ്ട് മാസത്തിനും ശേഷം അധികാരമൊഴിയേണ്ടിവന്നേക്കുമെന്ന വസ്തുതയാണ് തെളിയുന്നത്. എന്നാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മറുകണ്ടം ചാടിയ വിമതരെ സംബന്ധിച്ചിടത്തോളം സ്പീക്കര്‍ കെ ആര്‍ രമേഷിന്റെ തീരുമാനം നിര്‍ണായകമാണ്. അയോഗ്യരാക്കിയാല്‍ ഉടന്‍ മന്ത്രിമാരാകാമെന്ന അവരുടെ മോഹം പൊലിയും.

Read More: ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത