X

ഹൈദരാബാദ്: ജാമ്യാപേക്ഷ പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് സംഘപരിവാര്‍ നേതാവിന്റെ ഭാര്യ

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും അറസ്റ്റ് ചെയ്യ്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്ന മജിസ്‌ട്രേറ്റിന് സംഘപരിവാര്‍-ബിജെപി ബന്ധമെന്ന് ആക്ഷേപം. വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെ തിരിച്ചുവരവിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ കാമ്പസില്‍ നിന്ന് 27 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന മിയപുര്‍ മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് ധമവരപ്പ് വരൂദിനിക്കെതിരെയാണ് സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തെലുങ്കാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായ ബിജെപി നേതാവ് രാമചന്ദര്‍ റാവുവിന്റെ അഡ്വകേറ്റ്‌സ് ഓഫീസില്‍ ജോലി നോക്കുന്നയാളാണ് മജിസ്‌ട്രേറ്റിന്റെ ഭര്‍ത്താവ് എം വിജയകാന്ത്. ഇയാള്‍ ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ് സ്/ എസ് ടി നിയമപ്രകാരം എടുത്തിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടയാളാണ് രാമചന്ദര്‍ റാവു.

കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജാമ്യാപേക്ഷ പരിഗണിച്ചതാണെങ്കിലും പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ജാമ്യം പരിഗണിക്കുന്നത് തിങ്കളാഴ്ച്ച വരെ നീട്ടിവയ്ക്കാന്‍ വരൂദിനി തയ്യാറായിരുന്നു.

അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താതപര്യപ്പെടുന്നില്ല എന്നായിരുന്നു അവരുടെ ഭര്‍ത്താവ് വിജയകാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജുഡീഷ്യറിയെ രാഷ്ട്രീവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും താത്പര്യം എടുത്തിട്ടില്ലെന്നുമാണ് രാമചന്ദ്ര റാവു പ്രതികരിച്ചത്.

വരുദീനിയുടെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കുന്നതിന് ഒരു ഉദ്ദാഹരണം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ‘ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി’ എന്ന പേജിന് ലൈക്ക്‌  കൊടുക്കുകയും ആ പേജ് ഷെയര്‍ ചെയ്യുകയും ഉണ്ടായിട്ടുണ്ട് എന്നതാണ്. കഴിഞ്ഞ വര്‍ഷം ഒരു പുസ്തക പ്രകാശനത്തോടനുബന്ധിച്ച് മോദി നടത്തിയ പ്രസംഗവും അവര്‍ ഷെയര്‍ ചെയ്തതായി കാണാം .

 

This post was last modified on March 28, 2016 10:28 am