X

യുഎസ്സിൽ നാല് ഇന്ത്യൻ വംശജര്‍ പ്രതിനിധി സഭയിലേക്ക്; ഇന്ത്യാക്കാർക്കിടയിലും ഡെമോക്രാറ്റ് ആധിപത്യം

വിദേശനയങ്ങളിൽ ട്രംപിന്റെ ജനകീയത മാത്രം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ അവസാനിപ്പിക്കാൻ തങ്ങൾ ഇടപെടുമെന്ന് റോ ഖന്ന മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തുവന്ന യുഎസ് പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ യുഎസ്സിലെ ഇന്ത്യൻ സമൂഹത്തിന് ആഹ്ലാദവും ആത്മവിശ്വാസവും പകരുന്നതായി. നാല് ഇന്ത്യൻ വംശജരാണ് പൊതുതെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചത്. ഇല്ലിനോയിസിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ രാജാ കൃഷ്ണമൂർ‍ത്തി രണ്ടാംതവണയും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജൻ തന്നെയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെഡി ദിഗൻവ്കറിനെയാണ് രാജ പരാജയപ്പെടുത്തിയത്.

കാലിഫോർണിയയിൽ നിന്നും വിജയിച്ച ഇന്ത്യൻ വംശജൻ ഡോ ആമി ബേരയും ഡെമോക്രാറ്റാണ്. ഇദ്ദേഹം പരാജയപ്പെടുത്തിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആൻഡ്ര്യൂ ഗ്രാന്റ് ആണ്. തുടർച്ചയായി നാലാംതവണയാണ് ഇവിടെ നിന്നും ആമി ബേര തെരഞ്ഞെടുക്കപ്പെടുന്നത്.

സിലിക്കൺ വാലിയിൽ നിന്ന് ജയിച്ച റോ ഖന്ന പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോൺ കോഹനെയാണ്. വിദേശനയങ്ങളിൽ ട്രംപിന്റെ ജനകീയത മാത്രം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ അവസാനിപ്പിക്കാൻ തങ്ങൾ ഇടപെടുമെന്ന് റോ ഖന്ന മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്രെയ്ഡ് കെല്ലറിനെ വൻ മാർജിനിൽ തോൽപ്പിച്ച പ്രമീള ജയപാലാണ് മറ്റൊരു ഇന്ത്യൻ താരം. അഴിമതിയും അനീതിയും മൂലം താൻ പ്രതിനിധീകരിക്കുന്ന സമുദായം വീർപ്പുമുട്ടുകയാണെന്നും ട്രംപിന്റെ വിനാശകരമായ നയങ്ങൾ അവസാനിപ്പിക്കാൻ ഇടപെടുമെന്നും പ്രമീള പറഞ്ഞു.

സ്റ്റേറ്റ് അസംബ്ലികളിലേക്കും നിരവധി ഇന്ത്യാക്കാർ ജയിച്ചുകയറിയിട്ടുണ്ട്. ഡെമോക്രാറ്റായ നിമ കുൽക്കർണി അവരിലൊരാളാമ്. തോൽപ്പിച്ചത് റിപ്പബ്ലിക്കനായ ജോഷ്വ ന്യൂബർട്ടിനെ. നോർത്ത് കരോലീന സ്റ്റേറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയ തോൽപ്പിച്ച മുജിത്ബ മൊഹമ്മദാണ് മറ്റൊരാൾ. വിജയിച്ച കൂടുതൽ പേരും ഡെമോക്രാറ്റുകളാണെങ്കിലും ചില റിപ്പബ്ലിക്കന്മാരും ജനവിധി അനുകൂലമാക്കിയിട്ടുണ്ട്. നിരാജ് അടാനിയാണ് അവരിലൊരാൾ. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ കൂടിയാണ് ഇദ്ദേഹം. 27 വയസ്സ്.

Related Post
Leave a Comment