X

ബ്രക്സിറ്റ്: പിന്തുണയ്ക്കൂ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് തയ്യാറാകൂ; വിമതരോട് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രക്സിറ്റ് നടപടി എളുപ്പമാക്കാനാണ് അഞ്ചാഴ്ചത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുന്നത്.

പ്രത്യേക കരാറില്ലാതെ ബ്രെക്‌സിറ്റ്‌ നടപ്പാക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത മാസം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കൊള്ളൂ എന്ന് വിമത എംപിമാർക്ക് ബോറിസ് ജോൺസൺ അന്ത്യശാസനം. പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് എം.പിമാരും ചേര്‍ന്ന് ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാനുള്ള നിയമ നിര്‍മാണത്തിനൊരുങ്ങവേയാണ് ജോൺസൺ സ്വരം കടുപ്പിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഡൌണിംഗ് സ്ട്രീറ്റില്‍  അടിയന്തര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്ത് ബോറിസ് ജോൺസണ്‍  കൺസർവേറ്റീവ് എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം നടത്തിയ തത്സമയ ടെലിവിഷൻ പ്രസംഗത്തില്‍ ഒക്ടോബർ 31-നുതന്നെ യൂറോപ്യൻ യൂണിയന്‍ വിട്ടുപോരല്‍ നടക്കാത്ത ‘സാഹചര്യങ്ങളൊന്നുമില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമൊന്നും ഇല്ലെന്നു പറഞ്ഞ ജോണ്‍സണ്‍ വിമതര്‍ അവരുടെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പെകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ ചാൻസലർ ഫിലിപ്പ് ഹാമണ്ട്, മുൻ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌക്ക് തുടങ്ങിയവർ ഒപ്പിട്ട ബാക്ക്ബെഞ്ച് ബിൽ ബ്രെക്സിറ്റില്‍ നിന്നും യു.കെ-യുടെ കുതികാല്‍ വെട്ടുന്ന നീക്കമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്നും കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന നടപടി എളുപ്പമാക്കാനാണ് അഞ്ചാഴ്ചത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുന്നത്. അതിനെതിരെയും ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലിയാണ് തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റില്‍ ഇന്നലെയും പ്രധിഷേധം ശക്തമായിരുന്നു. അതിനിടടയിലാണ് ജോണ്‍സണ്‍ ടെലിവിഷൻ പ്രസംഗം നടത്തിയത്. അതിനിടെ, പ്രതിപക്ഷ കക്ഷികൾ  ഇന്ന്‌ ജോൺസണുമായു ചർച്ച നടത്തും. കരാറില്ലാതെയൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള തീരുമാനം പരിശോധിക്കണമെന്ന്‌ ആവശ്യപ്പെടും.

Also Read- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

This post was last modified on September 3, 2019 8:50 am