X

യുഎഇയെ തകര്‍ത്ത് പാകിസ്താന്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി

അഴിമുഖം പ്രതിനിധി

ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ യുഎഇ യെ 129 റണ്‍സിന് തകര്‍ത്ത് പാകിസ്താന്‍ തങ്ങളുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. വിജയലക്ഷ്യമായ 340 റണ്‍സ് പിന്തുടര്‍ന്ന യുഎഇയ്ക്ക് നിശ്ചിത 50ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. പാകിസ്താന് വേണ്ടി സൊഹൈല്‍ ഖാന്‍, അഫ്രീദി, വഹാബ് റിയാസ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. മഖ്‌സൂദ്, രഹത് അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 25 റണ്‍സ് എടുക്കുമ്പോഴേക്കും 3 വിക്കറ്റ് നഷ്ടമായ യുഎഇയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത് നാലാം വിക്കറ്റില്‍ ഖുറം ഖാനും ശൈമാന്‍ അന്വതര്‍ കൂട്ടിച്ചേര്‍ത്ത 83 റണ്‍സ് ആണ്. ഖുറം ഖാന്‍ (43),ശൈമാന്‍ അന്വതര്‍ (62),അംജദ് ജാവേദ്(40),ഇന്ത്യന്‍ വംശജന്‍ സ്വപ്നില്‍ പാട്ടീല്‍(36) എന്നിവര്‍ക്ക് മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എടുത്തിരുന്നു. ഓപ്പണര്‍ നസീര്‍ ജംഷാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്‌സാദും(93) ഹാരിസ് സൊഹൈലും(70) ചേര്‍ന്ന് നേടിയ 160 റണ്‍സ് പാകിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റന്‍ മിസ്ബയും(65) മഖ്‌സൂദും(45) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഷാഹിദ് അഫ്രീദിയും(7 പന്തില്‍ 21) പാകിസ്താന്‍ സ്‌കോര്‍ 339ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. യുഎഇയ്ക്കു വേണ്ടി ശ്രീലങ്കന്‍ വംശജന്‍ മഞ്ജുള ഗുരുജ് 4 വിക്കറ്റ് വീഴ്ത്തി. മലയാളി താരം കൃഷ്ണചന്ദ്രന് വിക്കറ്റൊന്നും ലഭിച്ചില്ല. 8 ഓവര്‍ എറിഞ്ഞ കൃഷ്ണചന്ദ്രന്‍ 58 റണ്‍സ് വഴങ്ങി.

This post was last modified on December 27, 2016 2:52 pm