X

76 ദിവസം കൊണ്ട് 3,500 കിലോമീറ്റർ യാത്ര ചെയ്ത നീലക്കുറുക്കന്റെ കഥ

ഈ ആർട്ടിക് കുറുക്കന്‍റെ യാത്ര ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണെന്ന് ഗവേഷകര്‍ പുറത്തിറക്കിയ പഠന പ്രബന്ധത്തില്‍ പറയുന്നു.

നോർവേയിൽ നിന്ന് കാനഡയിലേക്ക് വെറും 76 ദിവസംകൊണ്ട് 3,500 കിലോമീറ്ററിലധികം (2,000 മൈൽ) സഞ്ചരിച്ച ആര്‍ട്ടിക് കുറുക്കന്‍ കൌതുകമാകുന്നു. നോർവീജിയൻ പോളാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്. 2017 ജൂലൈയിൽ ഈ നീല കുറുക്കന്‍റെ ദേഹത്ത് അവരൊരു ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിരുന്നു.

2018 മാർച്ച് 26-ന് നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ സ്പിറ്റ്സ്ബെർഗനിൽ നിന്ന് യാത്ര തുടങ്ങിയ കുറുക്കന്‍ മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ നടന്ന് 21 ദിവസത്തിനുള്ളില്‍ 1,512 കിലോമീറ്റർ പിന്നിട്ട് ഏപ്രിൽ 16-ന് ഗ്രീൻലാന്‍ഡില്‍ എത്തി. യാത്ര തുടര്‍ന്ന് ജൂലൈ 1-ന് കാനഡയിലെ എല്ലെസ്മെർ ദ്വീപിലുമെത്തി. ‘ആദ്യം ഇത് സത്യമാണെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന്’ ഗവേഷകയായ ഇവാ ഫ്യൂഗ്ലി പറയുന്നു.

ഈ ആർട്ടിക് കുറുക്കന്‍റെ യാത്ര ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണെന്ന് ഗവേഷകര്‍ പുറത്തിറക്കിയ പഠന പ്രബന്ധത്തില്‍ പറയുന്നു. ഓരോ ദിവസവും മൂന്ന് മണിക്കൂർ ഇടവിട്ട് കുറുക്കന്‍ എവിടെയാണെന്ന വിവരം ലഭിച്ചുകൊണ്ടിരിക്കും. കടൽ ഹിമത്തിനും ഹിമാനികൾക്കും കുറുകെ നടന്ന കുറുക്കൻ പ്രതിദിനം ശരാശരി 46.3 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്. വടക്കൻ ഗ്രീൻ‌ലാൻ‌ഡിലെ ഹിമപാളികള്‍ക്കു മുകളിലൂടെ ഒരു ദിവസം 155 കിലോമീറ്റർ ദൂരവും സഞ്ചരിച്ചിട്ടുണ്ട്.

ഈ ജീവിവർഗ്ഗത്തിനിടയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും വേഗതയേറിയ സഞ്ചാരമാണ് നീലക്കുറുക്കന്‍റെതെന്ന് ഫ്യൂഗ്ലി പറഞ്ഞു. ഇത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ ഹിമാപാളികളെ അവര്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് മറ്റൊരു പ്രധാന ഘടകം. അതേസമയം, കാലാവസ്ഥാ വ്യതിയാനം ഹിമ പ്രദേശങ്ങളിലുള്ള ജീവികളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഈ യാത്ര ഉയര്‍ത്തുന്നുണ്ട്. ‘ആർട്ടിക് പ്രദേശത്തെ വന്യജീവികളെ സംബന്ധിച്ച് കടലിലെ ഹിമ പാളികള്‍ എത്രത്തോളം പ്രധാനമാണെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിത്’- നോർവേയിലെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ഓല എൽവെസ്റ്റുൻ പറഞ്ഞു. ഭയാനകമാം വിധം ചൂട് വര്‍ധിക്കുകയാണെന്നും, കടലിലെ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകുന്നത് തടയാന്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതടക്കമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

This post was last modified on July 3, 2019 3:21 pm