X

ചൈനയുമായി കുറ്റവാളികളെ കൈമാറൽ കരാർ: ഹോങ്കോങ്ങിൽ 20 ലക്ഷം പേർ തെരുവിലിറങ്ങി; ബില്ല് ശുപാർശ ചെയ്തതിൽ ലാം മാപ്പു പറഞ്ഞതായി റിപ്പോർട്ട്

ചൈനയിൽ അന്യായമായ തടങ്കലുകളും നീതിരഹിതമായ വിചാരണകളും പീഡനങ്ങളുമാണ് ഹോങ്കോങ്ങുകാർ നേരിടാൻ പോകുന്നതെന്ന് അവർ ഭയപ്പെടുന്നുണ്ട്.

ചൈനയുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ടാക്കാൻ തത്രപ്പെടുന്ന ഹോങ്കോങ് ഭരണാധികാരി കാരി ലാമിനെതിരെ പതിനായിരക്കണക്കിനാളുകൾ വീണ്ടും പ്രകടനം നടത്തി. കൈമാറ്റക്കരാർ ഒപ്പുവെക്കാൻ നഗരഭരണാധികാരികൾക്ക് അനുമതി നൽകുന്ന ബില്ല് പാസ്സാക്കരുതെന്നാണ് പ്രകടനക്കാരുടെ ആവശ്യം. എല്ലാ ആഴ്ചാവസാനങ്ങളിലും നടന്നുവരുന്ന പ്രതിഷേധത്തിന്റെ വലിപ്പം കുറയുന്നില്ലായെന്നത് ലാം ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് 20 ലക്ഷം പേർ പ്രകടനത്തിൽ പങ്കെടുത്തെന്നാണ്. ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് നടക്കുന്നത്. ബില്ല് ശുപാർശ ചെയ്തതിന് ലാം മാപ്പു പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ലാം രാജി വെക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.

ഞായറാഴ്ച വൈകുന്നേരത്തോടെ ഹോങ്കോങ്ങിലെ വിക്ടോറിയ പാർക്കിലേക്ക് ജനങ്ങൾ ഒഴുകിയെത്താൻ തുടങ്ങി. ഏതാണ്ട് നാല് കിലോമീറ്റർ ദൂരത്തോളം തെരുവ് നിറയുംവിധം ആളുകളുണ്ടായിരുന്നു.

ഹോങ്കോങ്ങിന്റെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ‘ലൂപ്പ്ഹോളുകൾ’ നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത താവളമാക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറയുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ ഹോങ്കോങ്ങുകാർ തയ്യാറല്ല. നഗരത്തെ കൂടുതൽ അധീനപ്പെടുത്താനുള്ള മെയിൻലാൻഡിന്റെ, ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് ഹോങ്കോങ്ങിലെ ബഹുഭൂരിപക്ഷവും കരുതുന്നത്. അവരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അവർക്ക് കൃത്യമായറിയാം. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കും. ശേഷം മെയിൻലാൻഡിലേക്ക് കൊണ്ടുപോകും. പുറംലോകത്തിന് വ്യക്തമായറിയാത്ത നിയമസംവിധാനങ്ങളിൽ കുടുക്കി പീഡിപ്പിക്കും. ഈ ഭീതിയാണ് ഹോങ്കോങ്ങുകാരെ ഒന്നടങ്കം തെരുവിലിറക്കിയിരിക്കുന്നത്.

ചൈന, മകാവു, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറൽ അപേക്ഷകൾ സ്വീകരിക്കാൻ പാകത്തിൽ നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്യുന്നത്. ഈ അപേക്ഷകളിൽ ഓരോന്നായി തീർപ്പ് കൽപ്പിക്കാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഈ കൈമാറ്റ അപേക്ഷകൾ അനുവദിക്കണോയെന്നതിൽ അവസാന തീർപ്പ് ഹോങ്കാങ്ങിലെ കോടതികളാണെന്നും രാഷ്ട്രീയപരമായതും മതപരമായതുമായ കുറ്റങ്ങള്‍ ചെയ്തവരെ കൈമാറില്ലെന്നും ഹോങ്കോങ് അധികാരികൾ പറയുന്നുണ്ട്. കൂടാതെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്തവരെ മാത്രമേ കൈമാറൂ എന്നും ഹോങ്കോങ് പറയുന്നു.

എന്നാൽ ഇത് വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായിട്ടില്ലെന്നാണ് പ്രക്ഷോഭത്തിന്റെ വലിപ്പം കാണിക്കുന്നത്. ചൈനയിൽ അന്യായമായ തടങ്കലുകളും നീതിരഹിതമായ വിചാരണകളും പീഡനങ്ങളുമാണ് ഹോങ്കോങ്ങുകാർ നേരിടാൻ പോകുന്നതെന്ന് അവർ ഭയപ്പെടുന്നുണ്ട്.

This post was last modified on June 17, 2019 11:06 am