X

ശീതീകരിച്ച ട്രെയിലറിലെത്തിയ 78 നിയമവിരുദ്ധ കുടിയേറ്റക്കാർ പിടിയിൽ; കൂട്ടത്തിൽ ഇന്ത്യാക്കാരും

അറസ്റ്റ് ചെയ്യപ്പെട്ടവർ വിചാരണയ്ക്ക് വിധേയമാകുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.

A gap in the U.S.-Mexico border fence is pictured in El Paso, U.S., January 17, 2017. Picture taken January 17, 2017. REUTERS/Tomas Bravo

പല സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലുകളിൽ ഇന്ത്യാക്കാരടക്കം നൂറിലധികം നിയമവിരുദ്ധ കുടിയേറ്റക്കാരെ യുഎസ് ബോർഡർ പട്രോളും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പിടികൂടി. ഹൂസ്റ്റൻ പ്രദേശത്തു നിന്നും 45 പേരെ പിടികൂടിയിട്ടുണ്ട്. അഞ്ചുദിവസം തുടർച്ചയായി നടത്തിയ ഓപ്പറേഷനുകളിലാണ് ഇവരെ പിടികൂടിയത്.

ഇവരിൽ 78 പേരടങ്ങുന്ന ഒരു സംഘം യുഎസ് അതിർത്തി കടന്നെത്തിയത് ഒരു ശീതീകരിച്ച ട്രെയിലറിൽ കയറിയാണ്. ജീവാപായം വരെ സംഭവിക്കാവുന്ന പ്രവൃത്തിയാണിതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ ഇങ്ങനെ കയറ്റിവിടുന്നവർ ക്രിമിനൽ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ട്രെയിലറിൽ കയറിയെത്തിയവരിലും ഇന്ത്യാക്കാരുണ്ടെന്നാണ് അറിയുന്നത്. എത്ര ഇന്ത്യാക്കാരുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

ഹോണ്ടുറാസ്, എൽ സാൽവദോർ, മെക്സിക്കോ, ഗ്വാട്ടിമാല, അർജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ അനധികൃത കുടിയേറ്റക്കാരിൽ അധികവും.

അറസ്റ്റ് ചെയ്യപ്പെട്ടവർ വിചാരണയ്ക്ക് വിധേയമാകുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.