X

ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ടെലഗ്രാം സന്ദേശത്തിലൂടെയാണ് ഈ സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് വിവരം.

ഈസ്റ്റർ ദിവസത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോർട്ട്. നേരത്തെ നാഷണല്‍ തൗഹീത് ജമാഅത്ത് എന്ന ശ്രീലങ്കയിലെ ഒരു ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ പേര് സർക്കാർ പറഞ്ഞിരുന്നു. ഈ ഗ്രൂപ്പ് ഐസിസിന്റെ പ്രാദേശിക രൂപമാണെന്നാണ് വിവരം. ശ്രീലങ്ക തൗഹീത് ജമാഅത്ത് എന്ന തീവ്രവാദ സംഘടനയിൽ നിന്നും പിരിഞ്ഞുപോന്ന വിഭാഗമാണിവർ.

ടെലഗ്രാം സന്ദേശത്തിലൂടെയാണ് ഈ സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് വിവരം. ഇവര്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ‘ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികൾ’ എന്നാണ്.

ഈ വാക്കുകളല്ലാതെ ഇസ്ലാമിക് സ്റ്റേറ്റ് ഇടപെടല്‍ തെളിയിക്കുന്ന യാതൊന്നും ടെലഗ്രാം സന്ദേശത്തിലില്ല. സമാനമായ ഒരു സന്ദേശം ഒരു വീഡിയോയിലൂടെയും എത്തിയിരുന്നു നേരത്തെ. ചാവേറുകളായി പോയവരുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു.

സ്ഫോടനങ്ങൾ സംഘടിപ്പിച്ചതിനു പിന്നിൽ ഐസിസ് ആകാമെന്ന സൂചന നേരത്തെ യുഎസ് നൽകിയിരുന്നു. ഐസിസിന്റെ ആക്രമണങ്ങളുടെ സ്വഭാവം ഇതിനുണ്ടെന്നായിരുന്നു യുഎസ് ഇന്റലിജൻസ് വൃത്തങ്ങളുടെ പ്രതികരണം. ശ്രീലങ്കയിലെ പ്രാദേശിക ഗ്രൂപ്പുകളെ ഉപയോഗിച്ച് ഐസിസ് ചെയ്തതാകാം സ്ഫോടനങ്ങൾ എന്നാണ് നിഗമനം. ആസൂത്രണത്തിന്റെ സുസംഘടിത സ്വഭാവമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാര്യം. ഇത് ഐസിസിന്റെ സാന്നിധ്യത്തിന് തെളിവാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.

ഞായറാഴ്ച മുതൽ ഇന്നുവരെ ആകെ നാൽപ്പതോളം പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് പറയുന്നത്.

എട്ട് ഇന്ത്യാക്കാരടക്കം മൂന്നൂറിലധികം പേരാണ് ശ്രീലങ്കയില്‍ ഈസ്റ്റർ ദിനത്തിലുണ്ടായ തുടർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 45 പേർ കുട്ടികളാണ്. ആകെ 320 മരണങ്ങളുണ്ടായെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.

This post was last modified on April 23, 2019 8:08 pm