ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെ പരസ്യങ്ങൾക്കായി വാട്സാപ്പിന്റെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനുള്ള ഫേസ്ബുക്കിന്റെ നയത്തിൽ പ്രതിഷേധിച്ച് സിഇഒയും സഹസ്ഥാപകനുമായ ജാന്‍ കൗം സ്ഥാനമൊഴിഞ്ഞു. നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനു മേൽ വരുമാനം വർധിപ്പിക്കണമെന്ന സമ്മർദ്ദം വന്നു തുടങ്ങിയിട്ടുണ്ട്. ഇതിന് ഉപയോക്താക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉയോഗപ്പെടുത്തേണ്ടി വരും.
ജാൻ കൗം ഫേസ്ബുക്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനവും രാജി വെക്കും. 2014ൽ ഫേസ്ബുക്ക് വാട്സാപ്പിനെ ഏറ്റെടുത്തപ്പോൾ വെച്ച ഉപാധികളുടെ ഭാഗമായാണ് ജാൻ ഫേസ്ബുക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെത്തിയത്. 19 ബില്യൺ ഡോളറിന്റെ ബിസിനസ്സായിരുന്നു അത്.
വാട്സാപ്പ് തുടങ്ങിയതിനു ശേഷമുള്ള പത്തു വർഷക്കാലം വളരെ ആസ്വദിച്ചതായി ജാന്‍ തന്റെ ഫേസ്ബുക്ക് പേജിലെഴുതി. ഇനി താൻ വാഹനഭ്രാന്തിന്റെ ലോകത്തേക്ക് തിരിയുകയാണെന്നും ജാൻ വ്യക്തമാക്കി.
അപൂർവ്വമായ എയർ കൂൾഡ് പോഷെ കാറുകൾ ശേഖരിച്ചും ഫ്രിസ്ബീ കളിച്ചും കഴിയാനാണ് ഉദ്ദേശ്യം. വാട്സാപ്പ് ഇനിയും ഉപയോഗിക്കുമെന്നും ആസ്വദിക്കുമെന്നും ജാൻ പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് വാട്സാപ്പിനെ ഏറ്റെടുത്ത സന്ദർഭത്തിൽ സ്ഥാപകരായ ജാൻ കൗമും ബ്രിയാൻ ആക്റ്റണും ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് പാലിക്കാനാകില്ലെന്ന സാഹചര്യത്തിലാണ് ജാൻ രാജി വെക്കുന്നത്.
This post was last modified on May 1, 2018 3:31 pm
Leave a Comment