X

മസൂദ് അസ്ഹർ ആഗോളഭീകരൻ: യുഎൻ നടപടി തങ്ങളുടെ നയതന്ത്ര വിജയമെന്ന് യുഎസ്

"ജെയ്ഷെ മൊഹമ്മദിന്റെ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനായി നീക്കങ്ങൾ നടത്തിയ ഐക്യരാഷ്ട്രസഭയിലെ യുഎസ് ദൗത്യസംഘത്തിന് അഭിനന്ദനം."

മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടി തങ്ങളുടെ നയതന്ത്രവിജയമെന്ന് അവകാശപ്പെട്ട് യുഎസ്. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഐക്യരാഷ്ട്രസഭയിലെ യുഎസ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണേഷ്യയിലെ സമാധാനത്തിലേക്കുള്ള സുപ്രധാനമായ നീക്കമാണ് മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

“ജെയ്ഷെ മൊഹമ്മദിന്റെ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനായി നീക്കങ്ങൾ നടത്തിയ ഐക്യരാഷ്ട്രസഭയിലെ യുഎസ് ദൗത്യസംഘത്തിന് അഭിനന്ദനം. ഇത് അമേരിക്കൻ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ്. ദക്ഷിണേഷ്യയിലെ സമാധാനത്തിലേക്കുള്ള ഒരു സുപ്രധാന പടവാണിത്.” -മൈക്ക് പോംപിയോയുടെ ട്വീറ്റ് പറഞ്ഞു.

ഭീകരതയ്ക്കെതിരായ തങ്ങളുടെ വാചോടോപങ്ങൾ പ്രവൃത്തിയുടെ തലത്തിലേക്കും എത്തിക്കണമെന്ന് ചൈനയ്ക്ക് ബോധ്യപ്പെട്ടതിൽ വൈറ്റ് ഹൗസ് ആഹ്ലാദത്തിലാണെന്ന് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

പുൽവാമ ആക്രമണം നടന്ന ഘട്ടം മുതൽ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചത് ഫ്രാൻസ് ആയിരുന്നു. യുഎൻ രക്ഷാസമിതിയിലെ രാജ്യങ്ങൾക്കിടയിൽ ഫ്രാൻസ് ഇടപെടൽ നടത്തിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയമായിക്കൂടി ഐക്യരാഷ്ട്രസഭയുടെ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.

കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹര്‍ പാകിസ്താനിലെ ബഹവല്‍പൂര്‍ കേന്ദ്രമായി 2000ല്‍ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 14ലെ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം വരെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ഇതുവരെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളത്.

മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതോടെ അയാളുടെ പേരിൽ ലോകരാജ്യങ്ങളിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കപ്പെടും. ഇന്ത്യ, യുഎസ്, ബ്രിട്ടൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുയർത്തിയ കടുത്ത സമ്മർദ്ദങ്ങൾക്കു ശേഷമാണ് മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാൻ ചൈന വഴങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞയാഴ്ച ബീജിങ്ങിൽ വെച്ച് ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ നയതന്ത്രമാറ്റം വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ നയതന്ത്രവിജയമായാണ് ഐക്യരാഷ്ട്രസഭയുടെ ഈ നടപടിയെ നോക്കിക്കാണേണ്ടത്.