X

റോഹിംഗ്യ ക്യാമ്പുകളിൽ പട്ടാളക്കാരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍; പലരും പ്രായപൂര്‍ത്തിയാകാത്തവര്‍

വടക്കു കിഴക്കന്‍ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ ധാരാളം പ്രസവങ്ങൾ നടക്കുമെന്നും ഇവയിൽ‍ ഭൂരിഭാഗം പേരും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനിടയുണ്ടെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികൾ പറയുന്നു

കഴിഞ്ഞവർഷം ആഗസ്റ്റ് മാസത്തിൽ മ്യാൻമർ പട്ടാളവും, ഭരണകൂടം ആയുധം നൽകിവിട്ട ബുദ്ധിസ്റ്റ് തീവ്രവാദികളും നടത്തിയ കൂട്ട ബലാൽസംഗത്തിന്റെ കെടുതികളിലാണ് ഇപ്പോൾ റോഹിംഗ്യൻ മുസ്ലിങ്ങളുടെ അഭയാർത്ഥി ക്യാമ്പുകൾ. അന്ന് ബലാൽസംഗങ്ങൾക്ക് ഇരയായ റോഹിംഗ്യൻ സ്ത്രീകൾ ഇപ്പോൾ പ്രസവമുറികളിലാണുള്ളത്! വടക്കു കിഴക്കന്‍ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ ധാരാളം പ്രസവങ്ങൾ നടക്കുമെന്നും ഇവയിൽ‍ ഭൂരിഭാഗം പേരും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനിടയുണ്ടെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികൾ പറയുന്നു.

കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് കൗൺസലിങ് നൽകാനുള്ള പരിപാടികളുമായി ചില ഏജന്‍സികൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ മനസ്സനുവദിക്കാത്തവരുണ്ടെങ്കിൽ പോലും വളർത്താനുള്ള ജീവിത സാഹചര്യങ്ങളില്ല എന്ന യാഥാര്‍ത്ഥ്യവും നിലനിൽക്കുന്നുണ്ട്. ഗർഭിണികളായ സ്ത്രീകളിൽ വലിയൊരു വിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്.

“ഗ്രാമത്തിൽ പട്ടാളം ആക്രമണം നടത്തിയപ്പോൾ സ്ത്രീകളെല്ലാം ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് എല്ലാവർക്കും അറിയാം. ആദ്യമൊക്കെ ഇക്കാര്യം അയൽവാസികളിൽ നിന്നും മറച്ചുവെക്കാൻ ശ്രമിച്ചതാണ്. പക്ഷെ, അവർക്ക് പിന്നീട് ഊഹിച്ചെടുക്കാനായി” -ലൈംഗികാക്രമണത്തിനിരയായ ആയിഷ പറയുന്നു. 34കാരിയായ ഇവർ ഒരു വിധവയാണ്. “ഒരു വിധവ എങ്ങനെ സമൂഹത്തോട് ഗര്‍ഭഛിദ്രം വേണമെന്ന് പറയും? ഒടുവിൽ ഗര്‍ഭഛിദ്രം ചെയ്യുകയെന്ന ആലോചന ഉപേക്ഷിച്ചു. എല്ലാം അള്ളാഹുവിന്റെ കാരുണ്യത്തിന് വിട്ടു.” -ആയിഷ വിശദീകരിച്ചു.

അപമാനഭാരത്തോടെയാണ് പലരും ജീവിക്കുന്നത്. ആ അപമാനം ജീവിതകാലം മുഴുവൻ പേറി നടക്കാന്‍ മിക്കവരും തയ്യാറല്ല. പലരും ഗര്‍ഭഛിദ്രം ചെയ്യാനുള്ള ആലോചന നടത്തിയെങ്കിലും അത് നടപ്പാക്കാനുള്ള സാഹചര്യം നിലവിലുണ്ടായിരുന്നില്ല. വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു.

“കുട്ടികളെ നോക്കാനാവില്ല എന്നവർ കരുതുന്നുണ്ടാകാം. കുട്ടിയെയും അമ്മയെയും സമൂഹം നോക്കിക്കാണുന്നത് എങ്ങനെയായിരിക്കും എന്ന പ്രശ്നവുമുണ്ട്” -അഭയാർത്ഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിന്റെ കോഓർഡിനേറ്ററായ മെലിസ്സ പറയുന്നു.

സമാനമായ പ്രശ്നങ്ങള്‍ നേരത്തെയും ക്യാമ്പുകളിലുണ്ടായിട്ടുണ്ട്. എന്നാൽ, ഇനി വരാനിരിക്കുന്ന പ്രസവങ്ങൾ എണ്ണത്തിൽ താരതമ്യേന കൂടുതലുണ്ടാകുമെന്നാണ് ഏജൻസികൾ പറയുന്നത്. വളരെ കുറഞ്ഞ ആരോഗ്യരക്ഷാ സംവിധാനങ്ങളുമായാണ് അഭയാർത്ഥി ക്യാമ്പുകൾ കഴിയുന്നത്. ഇത് ദുരന്തങ്ങൾക്കു തന്നെ കാരണമായേക്കാം. പലരും സ്വയം ഗർഭച്ഛിദ്രത്തിന് ശ്രമിച്ച് ആരോഗ്യപ്രശ്നങ്ങൾ വന്ന് ആശുപത്രിയിലായിട്ടുണ്ട്. ഇവർക്കുള്ള ശരിയായ വൈദ്യസഹായവും ക്യാമ്പുകളിൽ ലഭിക്കാത്ത അവസ്ഥയാണുള്ളത്.

മ്യാൻമർ ആർമി ബലാൽസംഗം ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി പ്രമിള പാറ്റൻ പറയുന്നു.

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

This post was last modified on May 1, 2018 6:25 pm