X

ഭീകരവാദ ഫണ്ടിങ് തടയാന്‍ നിര്‍ദ്ദിഷ്ട കര്‍മ്മപദ്ധതി പാകിസ്താന്‍ നടപ്പാക്കിയില്ല; എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

26 ഇനി കര്‍മ്മപദ്ധതിയാണ് എഫ്എടിഎഫ് പാകിസ്താന് നടപ്പാക്കാനായി നിര്‍ദ്ദേശിച്ചിരുന്നത്. ഈ കര്‍മ്മപദ്ധതിയുടെ നടപ്പാക്കലില്‍ പാകിസ്താന്‍ എല്ലാത്തരത്തിലും പരാജയപ്പെട്ടുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നുവെന്നും ബില്ലിങ്സ്ലീ വ്യക്തമാക്കി.

രാജ്യത്തു നിന്ന് ഭീകരവാദത്തിനുള്ള ഫണ്ടിങ് കാര്യക്ഷമമായി തടയാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തിയേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). ഭീകരവാദത്തിനുള്ള ഫണ്ടിങ് തടയാനായി മുമ്പോട്ടു വെക്കപ്പെട്ട കര്‍മ്മപദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പാകിസ്താന് സാധിച്ചില്ലെന്ന് എഫ്എടിഎഫ് പ്രസിഡണ്ട് മാര്‍ഷല്‍ ബില്ലിങ്സ്ലീ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ ബിസിനസ്സ് തലത്തിൽ അന്തർദ്ദേശീയ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന സംഘടനയാണ് എഫ്എടിഎഫ്.

നിലവില്‍ പാകിസ്താന്‍ എഫ്എടിഎപിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. 2018 ജൂൺ 6നാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയത്. തങ്ങൾ മുമ്പോട്ടുവെച്ച ഭീകരവിരുദ്ധ-കള്ളപ്പണ വിരുദ്ധ കർമ്മപദ്ധതി നടപ്പാക്കാൻ 15 മാസത്തെ സമയവും അനുവദിച്ചു. ഫെബ്രുവരി മാസത്തില്‍ ഇതിന്മേല്‍ റിവ്യൂ നടത്തിയ സംഘടന പാകിസ്താനെ ജാഗ്രതപ്പെടുത്തുകയും ചെയ്തിരുന്നു. ഭീകരതയ്ക്കെതിരായ നീക്കങ്ങള്‍ കാര്യക്ഷമമല്ലെന്നും ഇങ്ങനെ പോയാല്‍ ബ്ലാക് ലിസ്റ്റില്‍ പെടുമെന്നും അറിയിക്കുകയുണ്ടായി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റിൽ ഉടൻ പെടുത്തണമെന്ന ഫ്രാൻസിന്റെയും ഇന്ത്യയുടെയും ആവശ്യം അന്ന് പരിഗണിക്കപ്പെട്ടില്ല. ഒക്ടോബർ മാസം വരെ പാകിസ്താന് നല്‍കിയ സമയത്തോളം കാത്തു നില്‍ക്കാമെന്നായിരുന്നു സംഘടനയുടെ തീരുമാനം. പാരിസിൽ സംഘടന ചേർന്ന ഒരാഴ്ച നീണ്ട യോഗങ്ങളുടെ അവസാനദിവസത്തിലായിരുന്നു ഈ തീരുമാനം പുറത്തുവന്നത്.

2019 ഒക്ടോബറില്‍ ചേരുന്ന സംഘടനയുടെ യോഗത്തില്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റില്‍ പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബില്ലിങ്സ്ലീ അറിയിച്ചു. പാകിസ്താന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. തങ്ങള്‍ നടപ്പിലാക്കാമെന്നു പറഞ്ഞ കാര്യങ്ങള്‍ പാകിസ്താന്‍ നടപ്പിലാക്കിയോ എന്നത് പഠിച്ച് അതിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്എടിഎഫിന്റെ തീരുമാനം.

വ്യാപാരബന്ധങ്ങളിൽ പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ ഈ പട്ടികപ്പെടുത്തലിനെ ഇതര രാജ്യങ്ങൾക്ക് ഉപയോഗിക്കാം. ബ്ലാക്ക് ലിസ്റ്റിൽ‌ പെടുത്തുന്നതിനു മുമ്പായി താക്കീത് നൽകുന്നതാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഗ്രേ ലിസ്റ്റിൽ‌ പെടുത്തുന്നത് പാകിസ്താന് അന്തർ‌ദ്ദേശീയ ലോണുകൾ ലഭിക്കുന്നതിൽ പ്രയാസമുണ്ടാക്കും. സാമ്പത്തിക ഉപരോധങ്ങളെ നേരിടേണ്ടതായി വരും. ബ്ലാക് ലിസ്റ്റില്‍ കൂടി പെടുന്നതോടെ പാകിസ്താന്റെ വ്യാപാരപരമായ അന്തര്‍ദ്ദേശീയ നീക്കങ്ങള്‍ വലിയ തോതില്‍ പ്രതിസന്ധിയിലാകാനിടയുണ്ട്. ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്താന് എഫിഎടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതു തന്നെ വലിയൊരു തിരിച്ചടിയായിരുന്നു.

അൽ ഖായിദ, ജമാഅത്ത് ഉദ് ദാവ, ജെയ്ഷെ മൊഹമ്മദ് തുടങ്ങിയ സംഘടനകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിയുന്നതിൽ വേണ്ടത്ര പുരോഗതി പാകിസ്താൻ കൈവരിച്ചില്ലെന്ന് നേരത്തെ എഫ്എടിഎഫ് പ്രസ്താവിച്ചിരുന്നു. പാകിസ്താനുമായി തുടർന്നും പ്രവർത്തിക്കുംമെന്നും ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുവരാൻ സഹായങ്ങൾ നൽകുമെന്നും എഫ്എടിഎഫ് പ്രസ്താവനയിൽ പറയുകയുണ്ടായി. എന്നാല്‍, ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നാണ് എഫ്എടിഎഫിന്റെ ഇപ്പോഴത്തെ വിലയിരുത്തലെന്ന് അറിയുന്നു.

26 ഇനി കര്‍മ്മപദ്ധതിയാണ് എഫ്എടിഎഫ് പാകിസ്താന് നടപ്പാക്കാനായി നിര്‍ദ്ദേശിച്ചിരുന്നത്. ഈ കര്‍മ്മപദ്ധതിയുടെ നടപ്പാക്കലില്‍ പാകിസ്താന്‍ എല്ലാത്തരത്തിലും പരാജയപ്പെട്ടുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നുവെന്നും ബില്ലിങ്സ്ലീ വ്യക്തമാക്കി.

അന്താരാഷ്ട്ര നാണയനിധിയുമായി (ഐഎംഎഫ്) ചാര്‍ച്ചയുള്ള സംഘടനയാണ് എഫ്എടിഎഫ്. പാകിസ്താനുമായി ബന്ധപ്പെട്ട് ഐഎംഎഫ് ആവശ്യപ്പെടുന്ന നിര്‍ദ്ദേശോപദേശങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്എടിഎഫിന്റെ നിരീക്ഷക സംഘടനയാണ് ഐഎംഎഫ്. സംഘടനയില്‍ നടക്കുന്ന കാര്യങ്ങളില്‍ വ്യക്തമായ ധാരണ ഐഎംഎഫിനുണ്ടായിരിക്കും. ഐഎംഎഫിന്റെ തീരുമാനങ്ങളെ എഫ്എടിഎഫില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സ്വാധീനിക്കുകയും ചെയ്യും.