ഇൻഫോഗ്രാഫിക് കെഎസ്എ എന്ന സംഘടനയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഇത്തരമൊരു ചിത്രീകരണം പ്രത്യക്ഷപ്പെട്ടത്. കാനഡയിലെ ടൊറന്റോയിൽ സ്ഥിതി ചെയ്യുന്ന സിഎൻ ടവറിനു നേർക്ക് ഒരു വിമാനം പാഞ്ഞടുക്കുന്നതായി ചിത്രീകരിക്കുന്നതാണ് ട്വിറ്റർ പോസ്റ്റ്. 9/11 ആക്രമണത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അത് അന്തർദ്ദേശീയ ചർച്ചയായി മാറി.
സൗദി അറേബ്യ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ച മനുഷ്യാവകാശ പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് കാനഡ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള രോഷമാണ് ഇൻഫോഗ്രാഫിക് കെഎസ്എയെ ഈ ‘കടുംകൈ’ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇവർ സംഭവത്തിൽ മാപ്പ് പറയുകയും ട്വീറ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരുമായി ബന്ധമുള്ള സംഘടനയാണ് ഇൻഫോഗ്രാഫിക് കെഎസ്എ എന്നാണറിയുന്നത്.
മനുഷ്യാവകാശ പ്രവർത്തകരെ വിട്ടുകിട്ടണമെന്ന ആവശ്യം സൗദിയെ പ്രകോപിപ്പിച്ചിരുന്നു. സൗദി അറേബ്യയിലെ കനേഡിയൻ അംബാസ്സഡറെ സർക്കാർ പുറത്താക്കുകയും ചെയ്തിരുന്നു.