X

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയ്ക്ക് വൻ വിജയം; പോളിങ്ങിനു മുൻപ് ബാലറ്റ് നിറച്ച പെട്ടികൾ കണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻ അക്രമങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്.

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ് വൻവിജയം നേടിയതായി റിപ്പോർട്ടുകൾ. കള്ളവോട്ടുകളും അക്രമവും നിറഞ്ഞ വോട്ടെടുപ്പാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് തെരഞ്ഞെടുപ്പുഫലം വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പതിനേഴോളം പേർ കൊല്ലപ്പെട്ടിരുന്നു.

സർക്കാർ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷത്തിലേക്ക് അവാമി ലീഗ് എളുപ്പത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 151 സീറ്റാണ് കേവലഭൂരിപക്ഷം സ്ഥാപിക്കാൻ വേണ്ടത്. അർധരാത്രിയോടെ സീറ്റുകളുടെ എണ്ണം 191ലേക്ക് കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആകെ 350 പാർലമെന്ററി സീറ്റുകളില്‍ 281ലും ഷെയ്ഖ് ഹസീന വിജയിച്ചതായി പറയുന്നു. പ്രധാന പ്രതിപക്ഷ സഖ്യകക്ഷിക്ക് വെറും ഏഴ് സീറ്റുകളിലേ വിജയിക്കാൻ കഴിഞ്ഞുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിലുള്ള അക്രമങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്. വോട്ടെടുപ്പു ദിവസം മാത്രം അവാമി ലീഗ് അണികളും പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ അണികളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ 13 പേർ കൊല്ലപ്പെടുകയുണ്ടായി. ഇതിൽ മൂന്നുപേര്‍ മാത്രമാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു പൊലീസുകാരനും അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

അക്രമങ്ങളിലൂടെയാണ് അവാമി ലീഗ് നേട്ടം കൊയ്തതെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. പരിഹാസ്യമായ ഈ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കമാൽ ഹൊസ്സൈൻ ആവശ്യപ്പെട്ടു. രാജ്യത്ത് വ്യാപകമായി വോട്ട് അട്ടിമറി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ബംഗ്ലാദേശ് ഇലക്ഷൻ കമ്മീഷൻ സമ്മതിക്കുന്നുണ്ട്. എല്ലാ ആരോപണങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് കമ്മീഷൻ പറഞ്ഞു.

തങ്ങൾ മത്സരിച്ച 300 സീറ്റുകളിൽ 221 സീറ്റുകളിലും അട്ടിമറി നടന്നതായി പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി പറയുന്നു. ബിബിസിയുടെ ബംഗ്ലാദേശ് റിപ്പോർട്ടർ തനിക്ക് നേരിട്ട് അനുഭവമുണ്ടായ വോട്ടിങ് അട്ടിമറിയെക്കുറിച്ച് തന്റെ റിപ്പോർട്ടി വിവരിക്കുന്നുണ്ട്. പോളിങ് തുടങ്ങുന്നതിനു മുൻപു തന്നെ ബാലറ്റുകൾ നിറച്ച ഒരു പെട്ടി താൻ കണ്ടുവെന്നാണ് റിപ്പോർട്ടർ സാക്ഷ്യം പറയുന്നത്. ഇതിന്മേൽ പ്രതികരിക്കാൻ പ്രിസൈഡിങ് ഓഫീസർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ ഭരണകാലയളവിൽ രാജ്യം സാമ്പത്തികാഭിവൃദ്ധിയിലേക്ക് കുതിച്ചെന്നതായിരുന്നു ഷെയ്ഖ് ഹസീനയുടെ പ്രചാരണത്തിന്റെ പ്രധാന ഊന്നൽവിഷയങ്ങളിലൊന്ന്. മ്യാന്മറിൽ ബുദ്ധ ഭീകരവാദം മൂലം നാടുവിടേണ്ടി വന്ന മ്യാന്മർ മുസ്ലിങ്ങൾക്ക് അഭയാർത്ഥി കേന്ദ്രങ്ങളൊരുക്കി സ്വീകരിച്ചതും ഹസീന തന്റെ പ്രചാരണത്തിന്റെ ഭാഗമാക്കി.

എന്നാൽ ഷെയ്ഖ് ഹസീനയുടെ ഭരണത്തിൻകീഴിൽ ഏകാധിപത്യ പ്രവണതകൾ വർധിച്ചതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. തന്റെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ബിഎൻപി നേതാവ് ഖാലിദയ സിയയെ അഴിമതിക്കേസിൽ ജയിലിലടച്ചത് അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നു.

ബംഗ്ലാദേശിന്റെ നാട്ടുമ്പുറങ്ങളിൽ വോട്ടിങ് തിരിമറികൾ വൻതോതിൽ നടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. പലരെയും ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിച്ച് വോട്ട് ചെയ്യുന്ന ഉത്തരവാദിത്വം അവാമി ലീഗിന്റെ പ്രവർത്തകർ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

This post was last modified on December 31, 2018 11:33 am