X

ശ്രീലങ്ക: വാളുകളും മറ്റായുധങ്ങളും സർക്കാരിന് കൈമാറാനുള്ള സമയം ദീർഘിപ്പിച്ചു; റെയ്ഡുകൾ തുടരുന്നു

രാഷ്ട്രീയക്കാരടക്കം നിരവധി പേർ ഇതിനകം തന്നെ ഈ വിഷയത്തിൽ അറസ്റ്റിലായിട്ടുണ്ട്.

PESHAWAR, April 22, 2019 (Xinhua) -- Pakistani Christians light candles to pray for Sri Lanka blasts victims during a vigil ceremony in northwest Pakistan's Peshawar on April 21, 2019. Pakistani Prime Minister Imran Khan on Sunday condemned the terrorist attacks in Sri Lanka, saying his country stands with the people of Sri Lanka during the hour of grief. (Xinhua/Umar Qayyum/IANS)

പൊതുജനം കൈവശം വെച്ചിരിക്കുന്ന ആയുധങ്ങളും മിലിട്ടറി യൂണിഫോമിന് സമാനമായ വസ്ത്രങ്ങളും സർക്കാരിന് കൈമാറാനുള്ള സമയം ശ്രീലങ്കൻ സർ‌‍ക്കാർ ദീർഘിപ്പിച്ചു. ഇന്നലെ വൈകീട്ട് മുതൽ 48 മണിക്കൂറാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിനിടയിൽ വാളുകൾ, കത്തികൾ, മൂർച്ഛയേറിയ മറ്റായുധങ്ങൾ തുടങ്ങിയവ സർക്കാരിന് കൈമാറണം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ നടപടി.

ശനിയാഴ്ചയാണ് ശ്രീലങ്കൻ പൊലീസ് പൊതുജനങ്ങൾ മൂർച്ചയുള്ള ആയുധങ്ങൾ അനാവശ്യമായി കൈവശം വെക്കരുതെന്ന് നിർദ്ദേശം നൽകിയത്. പള്ളികളിലും വീടുകളിലും നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. 24 മണിക്കൂറിനകം ആയുധങ്ങൾ കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഈ സമയപരിധി തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിച്ചിരുന്നു.

രാഷ്ട്രീയക്കാരടക്കം നിരവധി പേർ ഇതിനകം തന്നെ ഈ വിഷയത്തിൽ അറസ്റ്റിലായിട്ടുണ്ട്. റെയ്ഡുകളിൽ അപകടകരമായ ആയുധങ്ങൾ കൈവശം വെക്കുന്നവരെയെല്ലാം പിടികൂടിയിരിക്കുകയാണ്. 253 പേരാണ് ഈസ്റ്റർ ഞായറിന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 500ഓളം പേർക്ക് പരിക്കേറ്റിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഒരു ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. നാഷണൽ തൗഹീദ് ജമാഅത്ത് എന്ന ഈ ഗ്രൂപ്പിന്റെ ചാവേറുകൾ ആക്രമണത്തിനു മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നെന്ന വാർത്ത പുറത്തുവരുന്നുണ്ട്. കേരളത്തിൽ ഇവരിൽ ചിലർ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പുലർത്തുന്ന ചിലർ ഇതിനകം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് കേരളത്തിൽ.

ശ്രീലങ്ക നാഷണൽ തൗഹീദിനെ ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട്. ഈ സംഘടനയിൽ പെട്ട നൂറോളം പേർ അറസ്റ്റിലായിട്ടുമുണ്ട്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പൊലീസിനും സൈന്യത്തിനും വലിയ അധികാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. സംശയിക്കുന്നവരെ ദീർഘകാലത്തേക്ക് കോടതിയുടെ അനുമതിയില്ലാതെ തന്നെ തുറുങ്കിൽ വെക്കാൻ സാധിക്കുന്നുണ്ട്. ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇതെന്നാണ് ശ്രീലങ്ക പറയുന്നത്.

This post was last modified on May 7, 2019 7:29 am

Related Post
Leave a Comment