സുഡാനിലെ സൈന്യവും പ്രതിപക്ഷ പ്രതിഷേധ ഗ്രൂപ്പുകളും തമ്മില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അധികാരം പങ്കിടാനുള്ള ധാരണയിലെത്തി. ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആഫ്രിക്കന്‍ യൂണിയന്റെ (എ.യു) ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് അവസരമൊരുക്കിയത്. മൂന്നു വര്‍ഷത്തേക്ക് ഒരു സംയുക്ത സൈനിക-സിവിലിയൻ പരമാധികാര സമിതി രൂപീകരിച്ച് ഭരണം നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായി എ.യു നിയോഗിച്ച മധ്യസ്ഥനായ മുഹമ്മദ് ഹസ്സൻ ലെബട്ട് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരാർ പ്രകാരം പതിനൊന്നു സീറ്റുകളില്‍ അഞ്ചെണ്ണം വീതം സൈന്യവും പ്രതിപക്ഷവും കൈകാര്യം ചെയ്യും. ബാക്കിവരുന്ന ഒരു സീറ്റില്‍ ഇരുവിഭാഗത്തിനും തുല്യ പങ്കാളിത്തമുണ്ടാകും. ‘ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്ന് പ്രതിപക്ഷ ഗ്രൂപ്പുകളുടെ സംഘടനയായ ഫോഴ്സ് ഫോർ ഫ്രീഡം ആൻഡ് ചേഞ്ച് (എഫ്എഫ്സി) നേതാവ് ഒമർ അൽ-ഡിഗെയർ പറഞ്ഞു.
ജൂൺ 3-ന് ആരംഭിച്ച അക്രമത്തെക്കുറിച്ച് ‘സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം’ നടത്താൻ ട്രാൻസിഷണൽ മിലിട്ടറി കൗൺസിലും സിവിലിയൻ നേതാക്കളും സമ്മതിച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന ക്രൂരമായ സൈനിക നടപടിയില്‍ നിരവധി ജനാധിപത്യ അനുകൂലികള്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ കരാറിനെ ടിഎംസി ഡെപ്യൂട്ടി ഹെഡ് ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ സ്വാഗതംചെയ്തു. ‘ഈ കരാർ സമഗ്രമാണെന്നും അത് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും എല്ലാവര്ക്കും ഉറപ്പു നല്‍കുന്നതായി’ അദ്ദേഹം പറഞ്ഞു. സമരക്കാരെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) തലവനുമാണ് അദ്ദേഹം.
Leave a Comment