X

ഹോർമൂസ് കടലിടുക്കിൽ ഇറാൻ നടത്തുന്നത് ‘കടൽക്കൊള്ള’; യൂറോപ്യൻ യൂണിയൻ സഹായത്തോടെ സൈന്യത്തെ വിന്യസിക്കാൻ യുകെ

കപ്പലും അതിലെ 23 ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്ന് യുകെ ഇറാനോട് ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാൻ യൂറോപ്യൻ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കാൻ യുകെ പദ്ധതിയിടുന്നു. സൗദിയിലേക്ക് പോകുകയായിരുന്ന ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്തിരുന്നു. അതിനോടുള്ള പ്രതികരണമായാണ് പുതിയ നീക്കമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. ‘അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡോകൾ ‘സ്റ്റെന ഇംപെറോ’ എന്ന ഓയില്‍ ടാങ്കർ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

‘അന്താരാഷ്ട്ര നിയമപ്രകാരം, ഇറാന് കപ്പലുകള്‍ കടന്നുപോകുന്നത് തടയാൻ അവകാശമില്ല, ഇത് കടല്‍ക്കൊള്ളയാണ്’- ഹണ്ട് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. ഈ സുപ്രധാന മേഖലയിലൂടെയുള്ള യാത്രകളും ചരക്കുനീക്കങ്ങളും സുരക്ഷിതമാക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമുദ്ര സംരക്ഷണ സേനയെ ഏകോപിപ്പിച്ച് കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കപ്പലും അതിലെ 23 ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്ന് യുകെ ഇറാനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ് ഇറാനിയൻ ടാങ്കർ പിടിച്ചെടുത്തതിന് പ്രതികാരമായാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് വിശദീകരിച്ചു. ‘ഇറാനുമായി ഒരേറ്റുമുട്ടലിനില്ല. എന്നാൽ അന്തർ‌ദ്ദേശീയമായി അംഗീകരിക്കപ്പെട്ട ഷിപ്പിംഗ് പാതകളിലൂടെ നിയമാനുസൃതമായി വ്യാപാരം നടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അസ്വീകാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. എന്നാല്‍, രാഷ്ട്രീയ, നയതന്ത്ര നീക്കമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യൂറോപ്യൻ യൂണിയനിലെ ഭുരിഭാഗം രാജ്യങ്ങളുടെയും വാദിക്കുന്നു. ഏതായാലും ധൃതിപിടിച്ച നീക്കങ്ങളൊന്നും പാടില്ലെന്ന് ജർമനിയും ഫ്രാൻസും യു.കെയോട് ആവശ്യപ്പട്ടിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. അമേരിക്കയുടെ പ്രേരണമൂലമാണ് ബ്രിട്ടണ്‍ അങ്ങനെ ചെയ്തതെന്ന് ഇറാന്‍ ആരോപിക്കുന്നു.