X

ഐഎസ് നിയന്ത്രിച്ചിരുന്ന ഇറാഖില്‍ നിന്ന് കണ്ടെത്തിയത് 202 പൊതു കുഴിമാടങ്ങൾ

ഇറാഖില്‍ ആധിപത്യം നിലനിര്‍ത്തിയിരുന്ന 3 വർഷം യസീദികൾ, ക്രിസ്ത്യാനികൾ‌ എന്നീ മതന്യൂനപക്ഷങ്ങളെയും എതിരാളികളെയും ഐഎസ് കൊന്നൊടുക്കിയിരുന്നു

ഭീകരസംഘടനയായ ഐഎസ് നിയന്ത്രിച്ചിരുന്ന ഇറാഖിലെ വിവിധ മേഖലകളില്‍നിന്ന് 202 പൊതു കുഴിമാടങ്ങൾ കണ്ടെത്തിയതായി ഐക്യരാഷ്ട്രസംഘടന (യു.എന്‍). ശവകുടീരങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും, കുട്ടികൾ, പ്രായമായവർ, വൈകല്യമുള്ളവർ തുടങ്ങി ഇറാഖിലെ സായുധസേനാംഗങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് യു.എന്‍ പറയുന്നു.

ഇറാഖിൽ ഏകദേശം 33,000 സിവിലിയൻമാർ കൊല്ലപ്പെടുകയും 55,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നതായി ഐക്യരാഷ്ട്ര സഭ നേരത്തേ വ്യക്തമാക്കിയിരുന്നു. സിറിയന്‍ അതിർത്തിയോടു ചേര്‍ന്നുള്ള ഇറാഖിന്‍റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളായ നൈനിവ, കിർക്, സലാഹ് അൽ-ദിൻ, അൻബാർ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പൊതു കുഴിമാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

2017 ഡിസംബറിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം പരാജയപ്പെടുത്തുന്നതുവരെ ഐസിസിന്‍റെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഈ പ്രവിശ്യകള്‍.

6000 മുതൽ 12000 വരെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഇവിടെ അടക്കിയിട്ടുണ്ടാകുമെന്നാണ് യു.എന്‍ കണക്കുകൂട്ടുന്നത്. എന്നാൽ, കൃത്യമായ കണക്കുകൾ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും, തുറന്നു പരിശോധിച്ച 28 എണ്ണത്തിൽ നിന്ന് 1258 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായതെന്നും യു.എന്‍ പറയുന്നു.

ഇറാഖില്‍ ആധിപത്യം നിലനിര്‍ത്തിയിരുന്ന 3 വർഷം യസീദികൾ, ക്രിസ്ത്യാനികൾ‌ എന്നീ മതന്യൂനപക്ഷങ്ങളെയും എതിരാളികളെയും ഐഎസ് കൊന്നൊടുക്കിയിരുന്നു. ഐഎസ് ആസ്ഥാനമാക്കിയ മൊസൂൾ ഈ മേഖലയിലാണ്. 8 മൃതദേഹങ്ങള്‍ മാത്രമുള്ള ഏറ്റവും ചെറിയ കുഴിമാടവും 4000 മൃതദേഹങ്ങള്‍ ഉള്ള ഏറ്റവും വലിയ കുഴിമാടവും മോസൂലിലാണ് ഉള്ളത്.

EXPLAINER: സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്ന കലാപഭൂമിയില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ പോരാട്ടം; ആരാണ് ഡോ. ഡെനിസ് മുക്‌വെഗെ?

ഇതുപോലൊരു കഥയുള്ള അവസാനത്തെ പെണ്‍കുട്ടിയായിരിക്കും ഞാന്‍-നാദിയ മുറാദ്

This post was last modified on November 7, 2018 4:32 pm