X

ആണവായുധം വികസിപ്പിച്ചില്ലായിരുന്നെങ്കിൽ ഇറാൻ നല്ല സുഹൃത്താകുമായിരുന്നു: ട്രംപ്

‘ ഈ നിലപാട് അംഗീകരിച്ചാല്‍ ഇറാനൊരു സമ്പന്ന രാജ്യമാകും. അവർ വളരെ സന്തുഷ്ടരാകും, ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്താകും.

ഇറാൻ ആണവായുധം സ്വന്തമാക്കിയില്ലായിരുന്നെങ്കിൽ രാജ്യം സമ്പന്നമാകുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെയായിരുന്നെങ്കിൽ ‘ഒരു ഉത്തമസുഹൃത്ത്’ ആയി ഇറാന്‍ എക്കാലവും ഉണ്ടാകുമായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. മറിച്ച്, ഒരു യുദ്ധം നടന്നാല്‍ ഇറാന്‍ എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ഇറാന്റെ റഡാറുകളും മിസൈൽ സന്നാഹങ്ങളും ആക്രമിക്കാൻ അനുമതി നൽകിയെങ്കിലും അവസാന നിമിഷം ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പരാമർശം .

‘ഉപരോധം നീക്കണമെങ്കി ല്‍അമേരിക്ക മുന്നോട്ടുവച്ച 12 ആവശ്യങ്ങളും ഇറാന്‍ അംഗീകരിക്കണം. അവരൊരിക്കലും ആണവായുധം കൈവശംവെക്കാന്‍ പോകുന്നില്ല, അതിന് ഞങ്ങള്‍ സമ്മതിക്കില്ല’, ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ ഈ നിലപാട് അംഗീകരിച്ചാല്‍ ഇറാനൊരു സമ്പന്ന രാജ്യമാകും. അവർ വളരെ സന്തുഷ്ടരാകും, ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്താകും. അങ്ങിനെ സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’- ട്രംപ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

അതേസമയം, ആണവായുധങ്ങൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ഊന്നിപ്പറയുന്നു. ആയുധവൽക്കരണത്തിനായി ഇറാന്‍ ആണവായുധങ്ങൾ വികസിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്തതിനു സമീപകാല തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയും അറിയിച്ചു. 2015-ലെ കരാറിൽ അംഗീകരിച്ച ആണവ പദ്ധതിയുടെ പരിധിയിൽ ഇറാൻ ഇതുവരെ ഉറച്ചുനിന്നിട്ടുണ്ട്. എന്നാൽ കരാറിൽ നിന്ന് ട്രംപ് പിന്മാറുകയും കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടു ഒരു വർഷത്തിലേറെയായി. അതോടെയാണ് കരാറില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ലംഘിക്കുമെന്നു ടെഹ്‌റാന്‍ മുന്നറിയിപ്പു നൽകിയത്.

അതിനിടെ, യുഎസ് ചാരവിമാനം ആകാശാതിർത്തി ലംഘിക്കുകയും ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിവച്ചിടുകയും ചെയ്ത സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം സ്ഫോടനാത്മകമായിരിക്കയാണ്. ഇറാന്റെ അതിർത്തി ലംഘിച്ചിട്ടില്ലെന്നാണ് യു.എസിന്റെ വാദം. എന്നാൽ, അമേരിക്കയുമായി അനുരഞ്ജനം ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ. ഇറാന്റെ കര, വ്യോമ, നാവിക പരിധിയിൽ അധിനിവേശം നടത്താൻ ആരു തുനിഞ്ഞാലും കടുത്ത തിരിച്ചടി നേരിടുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫാസി ഷെകാർസി താക്കീത് നൽകി. യു.എസ് നീക്കത്തെ ചെറുക്കുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവിയും വ്യക്തമാക്കി.

ഇറാനെതിരെ കടുത്ത നടപടികൾ വേണമെന്നു വാദിക്കുന്നവരാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും. ഇറാനു മറുപടി നൽകാൻ യുഎസ് പോർവിമാനങ്ങൾ പറന്നുയർന്നുവെന്നും പടക്കപ്പലുകൾ അണിനിരന്നെന്നുമാണ് യുഎസ് പത്രം വെളിപ്പെടുത്തിയത്. എന്നാൽ അതിരാവിലെ ആക്രമണത്തിനുള്ള ഉത്തരവിനു കാത്തുനിൽക്കേയാണു യുഎസ് തീരുമാനം റദ്ദാക്കിയത്.

 

സർക്കാർ നിർദേശം തള്ളി, വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി തന്നെയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി

 

This post was last modified on June 23, 2019 10:07 am