X

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ്അന്തരിച്ചു

അഴിമുഖം പ്രതിനിധി

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ് എന്ന് ഖ്യാതി നേടിയ തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാങ്കോക്കിലെ സിരിരാജ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന ഭൂമിബോലിന്റെ അന്ത്യം വ്യാഴാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.52നായിരുന്നു. ഛാക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായിരുന്നു ഭൂമിബോല്‍ .

നിരവധി സൈനിക അട്ടിമറികളും പുതിയ ഭരണഘടനകളും ഉണ്ടായെങ്കിലും രാജ്യം ശിഥിലമാകാതെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചുതുകൊണ്ടാണ് ഭൂമിബോലിന് തായ്‌ലന്‍ഡില്‍ കൂടുതല്‍ കാലം ഭരണം നടത്താനായത്. 1946 ജൂണ്‍ ഒമ്പതിന് 18 ആം രാജാവായി സ്ഥാനാരോഹണം ചെയ്ത ഭൂമിബോല്‍ 70 വര്‍ഷക്കാലമാണ് തായ്‌ലന്‍ഡില്‍ ഭരണം നടത്തിയത്.

ഭൂമിബോലിന്റെ 64 വയസുള്ള മകന്‍ മഹാ വജിരലോങ്കോണ്‍ അടുത്ത രാജാവായി സ്ഥാനമേല്‍ക്കുമെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചന്‍ ഒ ച അറിയിച്ചു. പൈലറ്റായ വജിരലോങ്കോണ്‍ ജര്‍മനിയിലായിരുന്നു കൂടുതല്‍ കാലവും ചെലവഴിച്ചത്.

ഭൂമിബോലിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. കഴിവുറ്റ നേതാവായ ഭൂമിബോലിന്റെ വേര്‍പാടില്‍ ഇന്ത്യയിലെ ജനങ്ങളും താനും തായ്‌ലന്‍ഡിലെ ജനങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

This post was last modified on December 27, 2016 2:23 pm