X

സൌദി അനുകൂലികളെ തടവിലാക്കി ഹൌതികള്‍; യെമനില്‍ സംഘര്‍ഷം കനക്കുന്നു

അലി മുജാഹിദ്, ബ്രിയാന്‍ മര്‍ഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യെമന്റെ തലസ്ഥാനത്തെ ഓഫീസുകളിലേക്കും വീടുകളിലേക്കും ഷിയാ പ്രക്ഷോഭകാരികള്‍ അതിക്രമിച്ചു കയറുകയും, സൗദിയുടെ നേതൃത്വത്തില്‍ ആകാശമാര്‍ഗം നടത്തിയ ആക്രമണങ്ങളെ പിന്തുണക്കുന്നുവെന്ന് സംശയിക്കുന്ന 120ാേളം പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രമുഖരെയും തടങ്കലിലാക്കുകയും ചെയ്തുവെന്ന് മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന സനായില്‍ പറഞ്ഞു.

സൗദിയുടെ നേതൃത്വത്തിലെ ആകാശമാര്‍ഗമുള്ള ആക്രമണം നിര്‍ത്തിവെക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന പ്രക്ഷോഭകാരികളുടെ ഒരു മുതിര്‍ന്ന പ്രതിനിധിയുടെ വാക്കുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ദ്രുതഗതിയിലുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയിലേക്കുള്ള ഏതൊരു നീക്കത്തെയും തടയാന്‍ രാജ്യത്തെ പ്രസിഡന്റിന്റെ തിരിച്ചു വരവിനോടുള്ള എതിര്‍പ്പിന് കഴിയുമായിരുന്നു.

ഹൗതി പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ സനയുടെ മേല്‍ പിടിമുറുക്കിയിട്ട് മാസങ്ങളായി. ജനവാസപ്രദേശങ്ങളെ ഒഴിവാക്കി, കലാപകാരികള്‍ക്ക് അവശ്യസാധനങ്ങളെത്തിക്കുന്ന സംവിധാനവും വെടിമരുന്ന് ഡിപ്പോകളുമാണ് സൗദി നയിച്ച ആക്രമണങ്ങള്‍ ലക്ഷ്യം വെച്ചിരുന്നത് എന്നതിനാല്‍, തങ്ങളുടെ എതിരാളികളെന്ന് സംശയിക്കുന്നവരെ വേരോടെ ഇല്ലാതാക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കത്തെയാണ് ഒടുവിലത്തെ തടങ്കല്‍ സൂചിപ്പിക്കുന്നത്.

സനായിലെ നിയമാവകാശ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതും യെമനില്‍ സജീവമായതുമായ സുന്നി സംഘമായ അല്‍ ഇസ്ലായിലെ മുന്‍നിര നേതാക്കന്മാരടക്കം കുറഞ്ഞത് 122 പേരെയെങ്കിലും പ്രക്ഷോഭകാരികള്‍ പിടിച്ചു വച്ചിട്ടുണ്ട്.

അല്‍ മസ്ദര്‍ പത്രത്തിന്റെ സനായിലെ ഡെപ്യൂട്ടി എഡിറ്ററായ അലി അല്‍ഫായ്ക് പറയുന്നത് പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലുള്ള മറ്റിടങ്ങളിലും സമാനമായ രീതിയില്‍ കടന്നാക്രമണങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല.

ഇതിനിടെ ഇസ്ലാഹ് നേതാവ് ഫത്ഹി അലാസാബിനെ ഒരു പള്ളിയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സഹോദരന്‍ രജബ് മുഹമ്മദ് അലാസാബ് പറഞ്ഞു. ‘അദ്ദേഹത്തെ വെറുതെ എടുത്തു കൊണ്ടു പോവുകയായിരുന്നു, ഒരു കുറ്റം പോലും ആരോപിക്കാതെ.’ രജബ് മുഹമ്മദ് പറഞ്ഞു. ‘സൗദിയുമായി ചേര്‍ന്നുള്ള യുദ്ധത്തിനെ പിന്തുണച്ചു കൊണ്ടുള്ള ഇസ്ലായുടെ രാഷ്ട്രീയ പ്രസ്താവനയാണ് ഇതിന് പിന്നിലെന്നാണ് തോന്നുന്നത്.’

24 മണിക്കൂറും സൗദി തുടരുന്ന ആകാശമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള അക്രമണം നിര്‍ത്തിവെക്കുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹൗതിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി റോയ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണങ്ങളുണ്ടാക്കിയ നഷ്ടങ്ങളാണോ ഇത്തരമൊരു വാഗ്ദാനത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. യെമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദന്റെ നിയന്ത്രണത്തിനായി പോരാട്ടം തുടരുമ്പോഴും ഷിയാ ശക്തികള്‍ പിന്മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തിയില്‍ സൗദിയുടെ കാലാള്‍ പട്ടാളത്തിനെതിരെ അവര്‍ വെടിയുതിര്‍ക്കുകയും ചെയ്യുകയുണ്ടായി.

പ്രക്ഷോഭകാരികളെ തുരത്തി, കഴിഞ്ഞ മാസം സൗദിയിലേക്ക് ഒളിച്ചോടിയ പ്രസിഡന്റ് ആബേദ് റബ്ബൂ മന്‍സൂര്‍ ഹാദിയെ തിരികെ എത്തിക്കുക എന്നതാണ് സായുധ ഇടപെടലിന്റെ ലക്ഷ്യമെന്ന് സൗദി നേതാക്കന്മാര്‍ പറഞ്ഞിരുന്നു.

ഷിയാ ശക്തിയായ ഇറാന് വലിയ സ്വാധീനമുണ്ടാക്കാന്‍ പ്രക്ഷോഭകാരികള്‍ വഴിയൊരുക്കുമെന്നാണ് സൗദി അറേബ്യയും സഖ്യകക്ഷികളും കരുതുന്നത്. സൗദി അറേബ്യ പിന്തുണക്കുന്ന ശക്തികള്‍ ഒരു വശത്തും ദീര്‍ഘകാലത്തെ രാജഭരണത്തെ എതിര്‍ക്കുന്ന പ്രക്ഷോഭകാരികളും ഘടകങ്ങളും മറുവശത്തും അണിനിരന്ന അധികാര പോരാട്ടമാണ് കലാപത്തില്‍ കലാശിച്ചിരിക്കുന്നത്.

ഉപാധികളില്ലാത്ത ചര്‍ച്ചയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും ഹാദിയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്ന നിലപാടില്‍ ഹൗതികള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ്, ഹാദിയുടെ മുന്‍ ഉപദേഷ്ടാവും പ്രക്ഷോഭകാരിയുമായ സാലേഹ് അല്‍ സമ്മദ് റോയ്‌റ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

‘ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചക്ക് തയ്യാറാവുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് ഉപാധികളൊന്നും ഇല്ല.’ സമ്മദ് പറഞ്ഞു. ‘യമനിലെ ജനങ്ങളെ ആക്രമിക്കണമെന്ന് ഉദ്ദേശമില്ലാത്ത ഏതൊരു രാജ്യാന്തര, പ്രാദേശിക വിഭാഗങ്ങള്‍ക്കും ചര്‍ച്ചയെ നിരീക്ഷിക്കാവുന്നതാണ്.’ എന്നാല്‍ ഹാദിയെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന് യെമനിലെ ജനത എതിരാണെന്നുകൂടി സമ്മദ് കൂട്ടിച്ചേര്‍ത്തു.

ആര് മദ്ധ്യസ്ഥനായേക്കാം എന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും സമ്മദ് തന്നിട്ടില്ല. എന്നാല്‍ സൗദിയുടെ പക്ഷം ചേരാത്ത ഏക പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യമായി, കലാപങ്ങളില്‍ നിന്ന് അയല്‍രാജ്യമായ ഒമാന്‍ വിട്ടു നിന്നിരുന്നു.

ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള നൂറിലധികം വിദേശ തൊഴിലാളികളെ വിമാനം വഴിയോ കപ്പല്‍ വഴിയോ അല്ലെങ്കില്‍ കനത്ത പ്രതിരോധത്തിലുള്ള സൗദി അതിര്‍ത്തി കടക്കാനുള്ള അനുമതി നല്‍കിയോ ഒഴിപ്പിക്കുകയാണ്.

രണ്ടാഴ്ചയോളമായുണ്ടായ കലാപത്തില്‍ സാധാരണക്കാരുള്‍പ്പെടെ 500 പേര്‍ കൊല്ലപ്പെട്ടതായും ഏകദേശം 1700ാേളം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും മറ്റ് സാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിനിടയില്‍ യുദ്ധം താത്കാലികമായി നിര്‍ത്തിവെക്കാന്‍ റെഡ്‌ക്രോസിന്റെ രാജ്യാന്തര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരിതാശ്വാസത്തിനായുള്ള കപ്പല്‍ അയക്കാന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ റഷ്യ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. യെമനിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന സഹായ സംഘങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നതിനോട് യോജിക്കുന്നതായി സൗദി സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സേരി പറഞ്ഞു.

This post was last modified on April 7, 2015 4:28 pm