X

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എഎപി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

അഴിമുഖം പ്രതിനിധി

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എഎപി ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് ഇരുവരേയും പുറത്താക്കിയത്. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതെതുടര്‍ന്നാണ് നടപടി. നടപടിയെ തുടർന്ന് രണ്ട് പേരും ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

കൗണ്‍സിലില്‍ മനീഷ് സിസോദിയ ആണ് ഇരുവര്‍ക്കുമെതിരെ പ്രമേയം അവതരിപ്പിച്ചത്. 167 പേരുടെ പിന്തുണ ഇതിന് ലഭിച്ചത്. കേവലം 23 പേര്‍മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

യോഗത്തിന് ശേഷം പുറത്തിറങ്ങിയ യോഗേന്ദ്ര യാദവ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. എഎപി എംഎല്‍എമാര്‍ എംഎല്‍എമാരല്ലെന്നും ഗുണ്ടകളാണെന്നും യാദവ് ആരോപിച്ചു. ജനാധിപത്യത്തിന്റെ കശാപ്പാണ് നടന്നതെന്നും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ യായിരുന്നു നടപടിയെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. ഇരുവർക്കുമെതിരെ കയ്യേറ്റശ്രമവും നടക്കുകയുണ്ടായി.

യോഗേന്ദ്രയാദവിനും, പ്രശാന്ത് ഭൂഷണുമെതിരെ ഇത് രണ്ടാം തവണയാണ് പാർട്ടി അച്ചടക്ക നടപടിയെടുക്കുന്നത്. നേരത്തെ എഎപി നിർവ്വാഹക സമിതി തീരുമാനപ്രകാരം രണ്ട് പേരേയും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ രണ്ട് പേർക്കും പാർട്ടി അംഗത്വം ഇപ്പോഴുമുണ്ട്.

അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കൈയ്യില്‍ തെളിവുണ്ടെന്ന് ഇരുവരും ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ കെജരിവാളിനെതിരെ അഞ്ച് ആവശ്യങ്ങൾ വിശദീകരണത്തിനായി വച്ചിരുന്നു. യോഗത്തിനെത്തിയ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും യോഗസ്ഥലത്തേക്ക് കടക്കുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോഴാണ് അനുവാദം ലഭിച്ചത്. എന്നാൽ ഇവർ വന്നയുടനെ അരവിന്ദ് കെജരിവാൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

 

This post was last modified on December 27, 2016 2:54 pm