X

ടീഷര്‍ട്ടിലെ എഴുത്തിന്റെ പേരില്‍ യുവാവിനെ അപമാനിച്ച് സദാചാരക്കാര്‍, കൂട്ടിന് പൊലീസും; മറുപണിയുമായി സോഷ്യല്‍ മീഡിയ

മാധ്യമ പ്രവര്‍ത്തക ഇത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ബെംഗളൂരു സിറ്റി പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു

ടീഷര്‍ട്ടിലെ എഴുത്തിന്റെ പേരില്‍ യുവാവിന് പൊതുമധ്യത്തില്‍ വച്ച് സദാചാര പൊലീസുകാരുടെ അപമാനം. സഹായത്തിനെത്തും എന്നു കരുതിയ യഥാര്‍ത്ഥ പൊലീസും സദാചാരക്കാരുടെ കൂടെ കൂടിയതോടെ നാണക്കേടുമായി യുവാവിന് തിരികെ പോകേണ്ടി വന്നു.

ബെംഗളരുവിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. കൊറമംഗള ഫോറം മാളിലെ പിവിആറില്‍ സിനിമ കാണാനെത്തിയതായിരുന്നു യുവാവ്. ഇയാള്‍ ധരിച്ചിരുന്ന ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ടില്‍ ‘STOP JERKING START FUC*KNG എന്നെഴുതിയിരുന്നു. ഇതു കണ്ട് ഒരാള്‍ യുവാവിനോട് തട്ടിക്കയറി. മര്യാദയില്ലാത്ത വേഷം ധരിച്ചെത്തിയെന്നായിരുന്നു ആക്ഷേപം. യുവാവിനെ തടഞ്ഞുവച്ച് സദാചാര ഉപദേശങ്ങള്‍ നടത്തി അപമാനിക്കാന്‍ തുടങ്ങി. താന്‍ മനഃപൂര്‍വം ധരിച്ചുവന്നതല്ലെന്നു യുവാവ് മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അംഗീകരിക്കുന്നില്ല. ഇതിനിടയില്‍ ഒരു പൊലീസുകാരനെയും അങ്ങോട്ടേക്കു വിളിച്ചു. പക്ഷേ പൊലീസും സദാചാരക്കാരന്റെ പക്ഷം ചേര്‍ന്ന് യുവാവിനെ അപമാനിക്കാനാണ് ശ്രമിച്ചത്. വിദ്യാഭ്യാസമുള്ളവനല്ലേ, പബ്ലിക്കിനു മുന്നില്‍ ഇത്തരത്തില്‍ എഴുതിയ വസ്ത്രം ധരിച്ചാണോ വരുന്നതെന്നൊക്കെയായിരുന്നു ഉപദേശം.

ടീ ഷര്‍ട്ട് മാറ്റാതെ സിനിമ കാണാന്‍ അനുവദിക്കില്ലെന്നു യുവാവിനോട് പറഞ്ഞതോടെ ഇയാള്‍ തിരികെ പോകാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

എന്നാല്‍ ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പരുള്‍ അഗര്‍വാള്‍ എന്ന മാധ്യമപ്രവര്‍ത്തക ഇതു തന്റെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും സമൂഹത്തിന്റെ മുന്നില്‍ എത്തിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് പരുള്‍ എഫ്ബിയില്‍ എഴുതുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തു.

ഇതിനൊപ്പം ഒന്നുകൂടി ചെയ്തിരുന്നു പരുള്‍. ഈ വീഡിയോ ബെംഗളൂരൂ സിറ്റി പൊലീസിനും ടാഗ് ചെയ്തു. എന്തായാലും അവര്‍ ഈ വീഡിയോ അവഗണിച്ചില്ല. നടന്ന സംഭവത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും തങ്ങള്‍ക്ക് അയക്കൂ എന്നു പറഞ്ഞ് ഇമെയില്‍ അഡ്രസ് കൊടുത്തു.

സദാചാര പൊലീസുകാരനു കൂട്ടുനിന്ന പൊലീസുകാരനെതിരേ ശിക്ഷനടപടി ഉണ്ടാകുമെന്നാണ് പരുള്‍ ഉള്‍പ്പെടെ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത്.

This post was last modified on June 3, 2017 10:45 pm