X

സക്കീര്‍ നായിക്കിനെ കസബിന്റെ സെല്ലിലടയ്ക്കണം – ശിവസേന

അഴിമുഖം പ്രതിനിധി

വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്‍റെ സാമൂഹിക സേവനം ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസറിന്റെ പ്രവര്‍ത്തനങ്ങള്‍ പോലെയാണെന്ന് ശിവസേന. സൗദി അറേബ്യ വിട്ട് സാക്കീര്‍ ഇന്ത്യയില്‍ എത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യണം. ഒപ്പം പീസ്‌ ടിവിയുടെ സംപ്രേക്ഷണവും ശൃംഖലയും നശിപ്പിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഭീകരാക്രമണങ്ങള്‍ക്ക് സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായി എന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ സാക്കീര്‍ നായിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് ശിവസേന രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേനയുടെ വിമര്‍ശനം. 

 

“പാകിസ്ഥാനിലെ മതഭ്രാന്തരായ മസൂദ് അസ്സറിനെ പോലുള്ളവര്‍ എങ്ങനെയാണോ വിഷം ചീറ്റുന്നത് അതുപോലെയാണ് സമാധാനത്തിന്‍റെ മറവില്‍ സാക്കീര്‍ നായിക്കിനെ പോലുള്ളവരുടെ സാമൂഹിക സേവനം. കഴിഞ്ഞ കുറച്ചു നാളുകളായി ദേശ വിരുദ്ധരെ വളര്‍ത്തി എടുക്കുകയാണ് നായിക്. ധാക്കയിലെ കൂട്ടക്കൊലയ്ക്ക് ശേഷം അയാളുടെ സമാധാനത്തിന് വേണ്ടിയുള്ള പ്രഭാഷണങ്ങള്‍ എന്തിനായിരുന്നു എന്ന് വ്യക്തമായി കഴിഞ്ഞു” – മുഖപത്രത്തിലൂടെ ശിവസേന പറയുന്നു.

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാക്കീര്‍ നായിക്കിനെ സഹായിക്കുകയാണ് എന്ന് ആരോപിക്കുന്ന ശിവസേന അജ്മല്‍ കസബിനെ പാര്‍പ്പിച്ച അതെ സെല്ലില്‍ നായിക്കിനെയും താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

 

പീസ്‌ ടിവി യഥാര്‍ത്ഥത്തില്‍  മതപ്രചരണ ചാനല്‍ ആണെന്നും നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ആ ചാനല്‍ പൂട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം എന്നും ശിവസേന ആവശ്യപ്പെടുന്നു.

 

“സര്‍ക്കാരിന് കള്ളപ്പണം എപ്പോള്‍ വേണമെങ്കിലും കൊണ്ടുവരാം, എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നശിപ്പിക്കേണ്ടത് നായിക്കിന് സാമ്പത്തിക സഹായം നല്‍കുന്നവരെയാണ്. കാരണം അയാള്‍ കളിക്കുന്ന കളി നമ്മുടെ നാടിനെ നശിപ്പിക്കുന്നതാണ്, രാജ്യത്ത് തിരിച്ചെത്തുന്ന സമയം അയാളെ അറസ്റ്റ് ചെയ്യണം”- ശിവസേന ആവശ്യപ്പെട്ടു. 

 

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment