X

സാക്കിര്‍ നായികിന്‍റെ ഐ ആര്‍ എഫിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

വിവാദ ഇസ്ലാമിക മതപ്രചാരകന്‍ ഡോ.സാക്കിര്‍ നായികിന്‌റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) എന്ന എന്‍ജിഒയെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി കണ്ടാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

യുഎപിഎ പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്ക് ഐആര്‍എഫിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശ കാബിനറ്റ് അംഗീകരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കും. ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഇസ്ലാമിക് ചാനല്‍ പീസ് ടീവിയുമായി ഐആര്‍എഫിന് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നിരവധി പ്രസംഗങ്ങള്‍ സാക്കിര്‍ നായിക് നടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്‌റെ കണ്ടെത്തല്‍. യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിച്ചു എന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് സാക്കിര്‍ നായികിന്‌റെ പേരില്‍ കേസുകളെടുത്തിട്ടുണ്ട്. ഐആര്‍എഫിന് ലഭിച്ച വിദേശഫണ്ട് പീസ് ടിവിയ്ക്ക് നായിക് കൈമാറിയതായും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു.

ജൂലായ് ഒന്നിന് ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് സാക്കിര്‍ നായികിന്‌റെ പ്രസംഗം പ്രചോദനമായെന്ന് ബംഗ്ലാദേശ് പത്രം ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സാക്കിര്‍ നായികിനെതിരെ ഇന്ത്യയില്‍ അന്വേഷണം ആരംഭിച്ചത്. വെറുപ്പുളവാക്കുന്ന വര്‍ഗീയ പ്രസംഗത്തിന്‌റെ പേരില്‍ ബ്രിട്ടനും കാനഡയും മലേഷ്യയും സാക്കിര്‍ നായികിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബയ് സ്വദേശിയായ സാക്കിര്‍ നായിക് ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ല.

This post was last modified on December 27, 2016 2:17 pm