X

വാരണാസിയില്‍ മതചടങ്ങിനിടെയുണ്ടായ തിരക്കില്‍ പെട്ട് 24 പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

വാരണാസിയില്‍ മതചടങ്ങിനിടെയുണ്ടായ തിക്കില്‍ പെട്ട് 24 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആത്മീയ നേതാവ് ജയ് ഗുരുദേവിന്റെ പ്രാര്‍ത്ഥന ചടങ്ങിനായി രാജ്ഘട്ട് പാലത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.

40,000 ആളുകളെ പ്രതീക്ഷിച്ചാണ് അധികൃതര്‍ ക്രമീകരണങ്ങള്‍ നടത്തിയത്. എന്നാല്‍ 50,000 ആളുകള്‍ എത്തിയപ്പോള്‍ സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പടെ താളംതെറ്റി. പാലത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം.

പാലം തകര്‍ന്നുവെന്ന അഭ്യൂഹവും തിരക്കു വര്‍ധിക്കാന്‍ ഇടയാക്കി. മരിച്ചവരില്‍ പതിനഞ്ച് പേരും സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്കും 50,000 രൂപയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. ദുരന്തത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

മോദിയുടെ ട്വീറ്റ്-

‘വാരണാസിയിലെ ദുരന്തത്തില്‍ അഗാധമായ ദു:ഖമുണ്ട്. കുടുംബത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാം സഹായവും ലഭ്യമാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.’


 

This post was last modified on December 27, 2016 2:23 pm