X

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ നേരെ 8000 ആക്രമണങ്ങള്‍

അഴിമുഖം പ്രതിനിധി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തെ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ ആക്രമിക്കപ്പെട്ട വര്‍ഷമാണ് കഴിഞ്ഞ വര്‍ഷമെന്ന് കാത്തലിക് സെക്യുലര്‍ ഫോറം (സി എസ് എഫ്). 2015-ല്‍ സഭാ സ്ഥാപനങ്ങള്‍ക്കു നേര്‍ക്കും ക്രിസ്ത്യാനികള്‍ക്കു നേര്‍ക്കും മാരകമായ 356 ആക്രമണ കേസുകള്‍ ഉണ്ടായിട്ടുണ്ട്. 2014-ല്‍ ഇത്തരം ആക്രമണങ്ങള്‍ 120 എണ്ണം ആയിരുന്നു ക്രിസ്ത്യാനികള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ കണക്കുകള്‍ വര്‍ഷങ്ങളായി ശേഖരിക്കുന്ന ഫോറം പറയുന്നു. കഴിഞ്ഞ വര്‍ഷം ആക്രമണങ്ങള്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചുവെന്ന് സി എസ് എഫ് ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് പറയുന്നു.

ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ ഇന്‍ഡെക്‌സ് തയ്യാറാക്കുന്ന അന്താരാഷ്ട സംഘടനയായ ഓപ്പണ്‍ ഡോഴ്‌സിന്റെ പട്ടികയില്‍ ഇന്ത്യ 17 സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

2015-ല്‍ എട്ട് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 8,000-ത്തോളം ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 4000-ത്തോളം സ്ത്രീകളും 2000-ത്തോളം കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഫോറത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. മധ്യപ്രദേശ്, കര്‍ണാടക, തമിഴ് നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ് ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണ കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആക്രണങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് ഫോറം കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതി നല്‍കാന്‍ ഭയക്കുന്നത് കാരണം വലിയൊരു ശതമാനം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നവ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പൊലീസും രാഷ്ട്രീയക്കാരും അക്രമികളുടെ ഭാഗം ചേര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കാരണം പിന്‍മാറേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്ന് ഡയസ് പറയുന്നു.

This post was last modified on December 27, 2016 3:35 pm