X

കേരളത്തില്‍ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ജാര്‍ഖണ്ഡില്‍ 14 ലക്ഷം പേരുടെ ആധാര്‍ വിശദാംശങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയുണ്ടായ കേരളത്തിലെ ചോര്‍ച്ച വിവാദമായിരിക്കുകയാണ്

കേരളത്തിലും വന്‍തോതില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ജാര്‍ഖണ്ഡില്‍ 14 ലക്ഷം പേരുടെ ആധാര്‍ വിശദാംശങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയുണ്ടായ കേരളത്തിലെ ചോര്‍ച്ച വിവാദമായിരിക്കുകയാണ്.

പെന്‍ഷനുകള്‍ നേരിട്ട് നല്‍കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയില്‍ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ച് സത്യവാങ്മൂലം നല്‍കിയ 35 ലക്ഷം പേരുടെ വിവരങ്ങളാണ് ആര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പേര്, വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഗുണഭോക്താവിന്റെ ചിത്രം എന്നിവയെല്ലാമാണ് പരസ്യമാക്കിയത്. വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിലാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ കണ്ടെത്താന്‍ ആവശ്യമായ പെന്‍ഷന്‍ ഐഡിയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംഭവം വിവാദമായതോടെ വിവരങ്ങള്‍ കഴിഞ്ഞദിവസം തന്നെ സൈറ്റില്‍ നിന്നും പിന്‍വലിച്ചു. ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്നാണ് 2016ലെ ആധാര്‍ ആക്ട് പറയുന്നത്. ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. ഏതെങ്കിലും സര്‍ക്കാര്‍ സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അവ സുരക്ഷിതമായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കുന്നതാണ് പെന്‍ഷന്‍ സൈറ്റിലെ വീഴ്ച.

Related Post
Leave a Comment