X

ത്രിവേണി സംഗമത്തില്‍ മൂത്രമൊഴിച്ച എഡിഎം വെട്ടിലായി

അഴിമുഖം പ്രതിനിധി

ത്രിവേണി സംഗമ തീരത്ത് മൂത്രമൊഴിക്കുന്ന അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ ഫോട്ടോയും വിഡിയോയും വൈറലായി. അലഹബാദ് എ.ഡി.എം ഒ.പി.ശ്രീവാസ്തവ ത്രിവേണി സംഗമ തീരത്ത് മൂത്രമൊഴിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവാദമായത്.

ക്ലീന്‍ ഗംഗ ടീഷര്‍ട്ട് ധരിച്ചാണ് എഡിഎം തന്റെ ശങ്ക തീര്‍ക്കാന്‍ ത്രിവേണി സംഗമം തെരഞ്ഞെടുത്തതെന്നാണ് ഏറ്റവും വലിയ തമാശ.

ഹിന്ദുക്കളുടെ പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും( സാങ്കല്‍പ്പിക നദി)യും സംഗമിക്കുന്ന കേന്ദ്രമാണ് ത്രിവേണി സംഗമം. ഇവിടെ നടക്കുന്ന ത്രിവേണി മഹോത്സവത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു എ.ഡി.എം. ഇതിനിടെയാണ് ഇയാള്‍ നദിയിലേക്ക് മൂത്രമൊഴിച്ചത്. ഫെബ്രുവരി 23നാണ് ത്രിവേണി മഹോത്സവം. 

എഡിഎമ്മിന്റെ മൂത്രമൊഴി സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ ശ്രീവാസ്തവയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. ഇദ്ദേഹത്തെ എത്രയും വേഗം സസ്‌പെന്‍ഡ് ചെയ്യണമെന്ന് യു പി മുഖ്യമന്ത്രിയോട് സംസ്ഥാന ബിജെപി തലവന്‍ ലക്ഷ്മികാന്ത് ബാജ്‌പേയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യമുഴുവന്‍ പുണ്യനദികളായ ഗംഗയും യമുനയും ശുദ്ധീകരിക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ തികച്ചും ഉത്തരവാദിത്വരഹിതവും അപമാനകരവുമായ പ്രവര്‍ത്തിയാണ് എഡിഎം ചെയ്തതെന്നു ബിജെപി വിമര്‍ശിക്കുന്നു.

സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എഡിഎം രംഗത്തെത്തി. താനൊരു ഡയബറ്റിക് പേഷ്യന്റ് ആണെന്നും മുത്രശങ്ക തനിക്ക് തടഞ്ഞുവയ്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ചെയ്തുപോയതാണെന്നും ശ്രീവാസ്തവ പറയുന്നു. 

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി ഉണ്ടാകുമെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

This post was last modified on December 27, 2016 3:50 pm