X

അഭിഭാഷക പ്രമേയത്തിനെതിരെ എജി നല്‍കിയ അപേക്ഷ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തള്ളി

അഴിമുഖം പ്രതിനിധി

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ നിലവിലുള്ള കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് മാറ്റണമെന്നാവശ്യത്തിനെതിരെ ഹൈക്കോടതി അഭിഭാഷകര്‍ കൊണ്ടുവരുന്ന പ്രമേയം അനുവദിക്കരുതെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ അഭിഭാഷക അസോസിയേഷന്‍ തള്ളി.

ജഡ്ജിയെ മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിലെ 76 അഭിഭാഷകര്‍ ഒപ്പിട്ട കത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ അധികൃതര്‍ക്കും കത്തിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിനും കൈമാറിയിട്ടുണ്ട്. ഇതാണ് പ്രമേയമായി അസോസിയേഷന്‍ യോഗത്തില്‍ അവതരിപ്പിക്കുന്നത്. അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ ഈ പ്രമേയം ചര്‍ച്ച ചെയ്യും.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിരന്തരമായ ഇടപെടല്‍ മൂലം അഭിഭാഷകര്‍ക്ക് ജോലി ചെയ്യാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിനാല്‍ ജഡ്ജിയെ മാറ്റണമെന്നുമുള്ള എ ജി യുടെ ഉപദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകരുടെ ഫോറം ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.

അഭിഭാഷക പ്രമേയത്തിന് അനുമതി ലഭിച്ചതോടെ ഹൈക്കോടതിയിലെ മുഴുവന്‍ അഭിഭാഷകരും അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ചിനെതിരാണെന്ന എജിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. എന്നാല്‍ താന്‍ ജഡ്ജിക്കെതിരെ യാതൊരു വിധത്തിലുള്ള പരാതിയും കൊടുത്തിട്ടില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി പറയുന്നത്. തന്നെയും കുടുംബത്തെയും മനപൂര്‍വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എജി ആരോപിച്ചു.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതോടെയാണ് എജിയും ജഡ്ജിയും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. എജി ഓഫിസിനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരികയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:19 pm