X

ഭൂപതിവ് ചട്ടഭേദഗതി കെ എം മാണിയുടെ ആവശ്യമായിരുന്നുവെന്ന് രേഖകള്‍

അഴിമുഖം പ്രതിനിധി

ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദേശം നല്‍കിയത് നിയമമന്ത്രി കെ എം മാണി. കെ എം മാണിയുടെ താല്‍പര്യപ്രകാരമാണ് ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയതെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇടുക്കിയിലെ പട്ടയപ്രശ്‌നം ചര്‍ച്ച ചെയ്യാനായി 2012 മേയ് 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മാണി ഇത്തരമൊരു നിര്‍ദേശം വച്ചത്. നാലേക്കര്‍ വരെ കൈവശം വച്ചവര്‍ക്ക് പട്ടയം പതിച്ചു നല്‍കണമെന്നായിരുന്നു മാണിയുടെ ആവശ്യം. 25 വര്‍ഷത്തിനുശേഷമേ പട്ടയ ഭൂമി കൈമാറാന്‍ കഴിയൂ എന്ന വ്യവസ്ഥ നീക്കണമെന്നും മാണി ആവശ്യമുന്നയിച്ചതായി രേഖകളില്‍ പറയുന്നു.

കൈയേറ്റ ഭൂമിക്ക് പട്ടയം നല്‍കികൊണ്ട് ഭൂപതിവ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചതിനു പുറകെയാണ് മാണി ഇക്കാര്യത്തില്‍ ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ചട്ടഭേദഗതിക്കെതിരെ കോണ്‍ഗ്രസിനകത്തുനിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവാദം വലുതാക്കണ്ട എന്ന തീരുമാനത്തില്‍ മന്ത്രിസഭ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. റവന്യു മന്ത്രി അടൂര്‍ പ്രകാശാണ് ചട്ടഭേദഗതി പിന്‍വലിച്ചതായി ഇന്നലെ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആലോചിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന വന്നത്.

 

This post was last modified on December 27, 2016 3:19 pm