X

എയര്‍ ഇന്ത്യയും സ്വകാര്യമേഖലയ്‌ക്കോ? ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദേശവുമായി അരുണ്‍ ജെയ്റ്റ്‌ലി

നഷ്ടം ചൂണ്ടിക്കാട്ടിയാണു മന്ത്രിയുടെ നിര്‍ദേശം

പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മൊത്തം വ്യോമയാന കമ്പോളത്തിലെ എയര്‍ ഇന്ത്യയുടെ വിഹിതം വെറും 14 ശതമാനം മാത്രമാണെന്നും എന്നാല്‍ സഞ്ചിത നഷ്ടം 50,000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡയലോഗ്@ഡിഡിന്യൂസ് എന്ന ദൂരദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു പൊതുമേഖല സ്ഥാനപനത്തിന്റെ ഓഹരികള്‍ കൂടി വിറ്റഴിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

എയര്‍ ഇന്ത്യ നടത്തുന്നതിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന 50,000 കോടി രൂപ വിദ്യാഭ്യാസം പോലെയുള്ള മേഖലകളില്‍ ചിലവാക്കാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നിലവില്‍ സ്വകാര്യ വിമാനകമ്പനികളാണ് വ്യോമയാന മേഖലയിലെ 86 ശതമാനം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ തന്നെ അവര്‍ക്ക് നൂറ് ശതമാനവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ജയ്റ്റ്‌ലി വിശദീകരിക്കുന്നു. വിമാനങ്ങളുടെ വിലയായാണ് 50,000 കോടിയില്‍ 20,000 മുതല്‍ 25,000 വരെ തുക വരുന്നത്. എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ആസ്തികളുമുണ്ട്. വ്യോമയാന മന്ത്രാലയം എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2012ല്‍ അനുവദിച്ച പത്തുവര്‍ഷത്തെ 30,000 കോടി രൂപയുടെ കടാശ്വാസ പദ്ധതിയിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കഠിനശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മന്ത്രിയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. മുമ്പ് രണ്ട് തവണ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത് വിജയിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പൊതുമേഖല കമ്പനി നിലനിന്നു കാണണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. എയര്‍ ഇന്ത്യ നഷ്ടത്തിലാണെങ്കിലും കമ്പനി നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നതായി വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ചില പ്രശ്‌നങ്ങളുമായി കമ്പനി ഇപ്പോഴും ഗുസ്തിപിടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

This post was last modified on May 29, 2017 1:34 pm