X

ചെന്നൈ വെള്ളപ്പൊക്കം: യാത്രക്കാരുടെ പോക്കറ്റടിച്ച് വിമാന കമ്പനികള്‍

അഴിമുഖം പ്രതിനിധി

മഴ കെടുതി വിതച്ച ചെന്നൈ നഗരത്തില്‍ ആളുകള്‍ വിഷമാവസ്ഥയില്‍ ആയിരിക്കേ സമീപത്തെ നഗരങ്ങളില്‍ നിന്നും വിമാനം കയറാന്‍ ആഗ്രഹിക്കുന്നവരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചതിനെ തുടര്‍ന്ന് സമീപത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റുകളുടെ നിരക്ക് കുത്തനെയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് കമ്പനികള്‍ 50,000 രൂപവരെയാണ് ഈടാക്കുന്നത്.

പൊതുമേഖലാ കമ്പനികളും സ്വകാര്യ കമ്പനികളും ജനങ്ങളെ കൊള്ളയടിക്കാന്‍ മത്സരിക്കുന്നു. ബംഗളുരുവില്‍ നിന്നും ദല്‍ഹിക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യയുടേത് 51,750 രൂപയും ജെറ്റ് എയര്‍വേസിന്റേത് 47,000 രൂപയുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് ബംഗളൂരുവില്‍ എത്തി ജയ്പൂരിലേക്ക് പോകാനെത്തിയ ശുഭം ആര്യ ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാല്‍ യാത്രയ്ക്ക് മറ്റു വഴികള്‍ തേടുകയാണ്. അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 20,000 രൂപയും മുംബയിലേക്കുള്ളത് 19,000 രൂപയോളവും ആണ്. വിമാനകമ്പനികളെ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കുത്തനെ നിരക്ക് ഉയര്‍ത്തിയത് എന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം ചെന്നൈയില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനുള്ള സര്‍വീസുകള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്ന് വിമാനകമ്പനികള്‍ അവകാശപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച അടച്ച ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഭാഗികമായി പുനരാരംഭിക്കും.

This post was last modified on December 27, 2016 3:25 pm