X

സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്കോ?

അഴിമുഖം പ്രതിനിധി

ജനുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാൻ തയാറായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അച്ഛൻ മുലായം സിംഗ് യാദവിൽ നിന്നും അമ്മാവൻ ശിവ്പാൽ യാദവിൽ നിന്നും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പദ്ധതികൾ ആസൂത്രണം  ചെയ്യുകയാണ് അഖിലേഷും കൂട്ടരും.

ചെറുപ്പത്തിൽ ആരും എനിക്കൊരു പേര് നൽകാൻ ഉണ്ടായിരുന്നില്ല . ഞാൻ അത് സ്വയം ചെയ്യുകയായിരുന്നു. അതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരെയും  കാത്തിരിക്കാതെ ഒറ്റയ്ക്ക് തുടങ്ങണമെന്നു കരുതുന്നു, ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു. 

പാർട്ടിക്കുള്ളില്ലേ വിള്ളലുകൾ പുറത്ത് വന്നതോടെ  ലക്‌നൗവിൽ രണ്ട് ഓഫീസുകളിലായിട്ടാണ് ഇപ്പോൾ  പ്രവർത്തനം. ശിവപാൽ യാദവിന്‌ കീഴിലുള്ള ഔദ്യോഗിക പക്ഷം വിക്രമാദിത്യ മാർഗിലുള്ള സമാജ് പാർട്ടി കാര്യാലയത്തിൽ തന്നെ തുടരുമ്പോൾ അഖിലേഷ് യാദവിന്‌ കീഴിലുള്ളവർ കാളിദാസ്‌ മാർഗിലുള്ള ജനേശ്വർ ട്രസ്റ്റിലാണ് പ്രവർത്തിക്കുന്നത്. ചെയർമാൻ  കൂടിയായ അഖിലേഷ് യാദവ് ഒക്ടോബർ 10 നായിരുന്നു പുതിയ ഓഫീസിന്റെ ഉത്ഘാടനം നിർവഹിച്ചത്. ശിവ്പാൽ യാദവ് പുറത്താക്കിയ പാർട്ടി  പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉത്ഘാടനം. വിക്രമാദിത്യ മാർഗിലുള്ള വീട്ടിൽ നിന്നും പുതിയ ഓഫീസിനടുത്തുള്ള  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അഖിലേഷ് ഒക്ടോബർ 6നു താമസം മാറിയിരുന്നു.

പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളിൽ നിന്ന് രാഹുൽ ഗാന്ധി അനുഭവിക്കുന്ന പ്രതിരോധത്തിന് സമാനമായ അവസ്ഥയാണ് അഖിലേഷിന്റെ എന്ന് പാർട്ടി പ്രവർത്തകർ കരുതുന്നു. അച്ഛനും അമ്മാവനും സൃഷ്ടിക്കുന്ന തടസങ്ങൾക്ക് മുന്നിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റാത്ത ഒരു പ്രതിശ്ചായ ആണ് അഖിലേഷിന് ഇപ്പോൾ ഉള്ളത്.   

അതേസമയം മുഖ്യമന്ത്രിയെ 2017ല്‍ തിരഞ്ഞെടുക്കപ്പെടുന്ന എം എൽ എമാർ തീരുമാനിക്കും എന്ന് മുലായം സിംഗ് യാദവ് പറഞ്ഞത് അഖിലേഷിനു വെല്ലുവിളി ഉയർത്തും. തന്റെ മേൽവിലാസം  കൊണ്ടാണ് 2012ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നു മുലായം സിംഗ് യാദവ് അവകാശപ്പെടുമ്പോഴും വ്യക്തമായ ഒരു യുവജന പിന്തുണ പാർട്ടിക്കകത്തും പുറത്തും അഖിലേഷ് യാദവിനുണ്ട്. മാത്രമല്ല കഴിഞ്ഞ അഞ്ചു വർഷക്കാലം അഖിലേഷ് നടത്തിയ പ്രവർത്തനങ്ങളെ ജനം കുറച്ചു കാണുമെന്നു തോന്നുന്നില്ല.

This post was last modified on December 27, 2016 2:23 pm