X

ഒബാമ ഇന്ത്യയിലെത്തി

അഴിമുഖം പ്രതിനിധി

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തി. രാവിലെ 9.45ന് ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ ഒബാമയെയും ഭാര്യ മിഷേലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പിയുഷ് യോഗലും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ എത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അമേരിക്കന്‍ പ്രസിഡന്റായശേഷം ഇത് രണ്ടാം തവണയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

നരേന്ദ്രമോദിയുമായി പതിനൊന്നരയ്ക്ക് ഹൈദരാബാദ് ഹൗസില്‍ ഇന്ത്യ അമേരിക്ക ഉഭയകക്ഷി ചര്‍ച്ച നടത്തും. 

ആണവ സഹകരണം നടപ്പിലാക്കുന്നതിലുള്ള പ്രതിസന്ധികളാണ് മുഖ്യ ചര്‍ച്ച വിഷയങ്ങളിലൊന്ന്. ആണവബാധ്യത നിയമമാണ് ഇതിനുള്ള പ്രധാന തടസം. ഈ നിയമം വിദേശ ആണവകമ്പനികള്‍ക്കെതിരെ പ്രതികൂലമായി പ്രയോഗിക്കില്ലെന്ന ഉറപ്പ് ചര്‍ച്ചയില്‍ ഇന്ത്യ നല്‍കും. പ്രതിരോധമേഖലയില്‍ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ചും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുളള നിര്‍ണ്ണായക തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകും. 

തുടര്‍ന്ന് പ്രധാനമന്ത്രി ഒരുക്കുന്ന ഉച്ച വിരുന്നിലും വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും പ്രസിഡന്റ് ഒബാമ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചവരെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒബാമ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയിലും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മന്‍കി ബാത് റേഡിയോ പരിപാടിയിലും പങ്കെടുത്ത ശേഷം അന്തരിച്ച അബ്ദുല്ല രാജാവിന് ആദരാഞ്ജലികളര്‍പ്പിക്കുന്നതിനായി സൗദി അറേബ്യ സന്ദര്‍ശിക്കും. ഇതിന് വേണ്ടി മുന്‍ നിശ്ചയിച്ച ആഗ്ര സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിരുന്നു.

ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ന്യൂഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബാമയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളെല്ലാം പോലീസ് തടഞ്ഞിരിക്കുകയാണ്.

 

This post was last modified on December 27, 2016 2:42 pm