X

സൗദി ഭരണത്തില്‍ മൂന്നാം തലമുറയുടെ പ്രതിനിധികളും

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയുടെ ഭരണത്തില്‍ യുവതലമുറയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതായി സൂചന. ഇന്റീരിയര്‍ മന്ത്രിയായി മുഹമ്മദ് ബിന്‍ നയാഫിനെ നിയമിച്ചതിലൂടെ, ആദ്യമായി അബ്ദുള്‍ അസീസ് രാജാവിന്റെ മക്കളില്‍ നിന്നും ചെറുമക്കളിലേക്ക് അധികാരം എത്തപ്പെടുയാണ്. മാത്രമല്ല, ഭരണമേറ്റയുടെ തന്നെ സൗദി ഭരണകൂടത്തിന്റെ പ്രധാനതസ്തികകളിലെല്ലാം നിയമനം നടത്തുക വഴി സല്‍മാന്‍ രാജാവ് തന്റെ നയം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തമായ ഭീഷണി നിലനില്‍ക്കുകയും അയല്‍രാജ്യമായ യമനില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ രാജാവിന്റെ നീക്കം സമയോചിതമായതായി വിലയിരുത്തപ്പെടുന്നു. 

തന്റെ ഇളയ സഹോദരനും 69 കാരനുമായ മക്വറിന്‍ രാജകുമാരനെ അടുത്ത കിരീടാവകാശിയായും സല്‍മാന്‍ രാജാവ് അവരോധിച്ചിട്ടുണ്ട്. 55 കാരനായ നയാഫിന്റെ നിയമനത്തിലൂടെ സമീപകാലത്ത് തന്നെ സൗദി രാജകുടുംബത്തിന്റെ മൂന്നാം തലമുറ പ്രധാനപ്പെട്ട അധികാര സ്ഥാനങ്ങളില്‍ എത്തപ്പെടുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. തന്റെ പുത്രന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിരോധ മന്ത്രിയായും സല്‍മാന്‍ രാജാവ് നിയമിച്ചിട്ടുണ്ട്. 

സൗദി അറേബ്യ അതിന്റെ സ്ഥാപനം മുതല്‍ തുടര്‍ന്ന് വന്ന ശരിയായ നയങ്ങള്‍ പിന്തുടരുന്നതിനായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്ന് അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പ്രസ്താവനയില്‍ സല്‍മാന്‍ രാജാവ് വിശദീകരിച്ചു. 2011 ലെ അറബ് വസന്തം സൗദിയില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അതുണ്ടാക്കിയ മാറ്റങ്ങളുടെ സാധ്യതകളും വേഗതയും സൗദി ഭരണവര്‍ഗം കൃത്യമായി ശ്രദ്ധിച്ചിരുന്നു എന്നതിന്റെ സൂചനയാണ് പുതിയ ഭരണാധികാരികളുടെ നീക്കങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

അബ്ദുള്ള രാജാവ് നടപ്പിലാക്കിയ സാവധാനത്തിലും ഉറച്ചതുമായ പരിഷ്‌കാരങ്ങളുമായി സൗദി മുന്നോട്ട് പോകുമെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശനയത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ഇപ്പോഴുള്ള ശക്തമായ സൗഹൃദം പരിപോഷിപ്പിക്കാനുള്ള നടപടികളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

എന്നാല്‍ പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഇടപെടലുകള്‍ തുടരുമെന്നാണ് സല്‍മാന്‍ രാജാവിന്റെ ആദ്യ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, 2013 ല്‍ സിറിയിലെ പ്രസിഡന്റ് അല്‍ ബാഷറിനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തേണ്ട എന്ന യുഎസ് തീരുമാനത്തെ സൗദി ശക്തമായി എതിര്‍ത്തിരുന്നു. 

അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ കബറടക്കം വളരെ ലളിതമായ ചടങ്ങുകളോടെ നടന്നു. രാജാകുടുംബാംഗങ്ങളും അവരുമായി വളരെ അടുപ്പമുള്ളവരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

 

This post was last modified on December 27, 2016 2:42 pm