X

രഞ്ജിത്തിനെ ചാരവലയില്‍ കുടുക്കിയത് ബ്രിട്ടീഷ് സുന്ദരി

അഴിമുഖം പ്രതിനിധി

പാക് ചാര സംഘടനയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ മലയാളിയായ രഞ്ജിത്തിനെ ഐഎസ്‌ഐ വലയിലാക്കിയത് ഹണി ട്രാപ്പിലൂടെ. ഫേസ്ബുക്കില്‍ ഡാമിനി മക്‌നൗട്ട് എന്ന പേരിലെ അക്കൗണ്ടില്‍ നിന്നും ലഭിച്ച ഒരു ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റാണ് രഞ്ജിത്തിന് പാരയായത്. യുകെയിലെ ഒരു മാസികയുടെ എഡിറ്ററാണ് എന്ന പേരിലാണ് ഡാമിനി സ്വയം പരിചയപ്പെടുത്തിയത്. ഈ മാസികയ്ക്കുവേണ്ടി പ്രതിരോധ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നുവെന്നായിരുന്നു രഞ്ജിത്ത് കരുതിയിരുന്നത്. ഐഎസ്‌ഐയുടെ കുരുക്കിലാണ് എന്നറിയാതെ ഈ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പണംപറ്റി വിവരങ്ങള്‍ കൈമാറിയിരുന്നു.

രഞ്ജിത്തും ഡാമിനിയും തമ്മില്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടേയും ഇമെയിലിലൂടേയും ഫോണിലൂടേയും ആശയവിനിമയം നടത്തിയിരുന്നു. തങ്ങളുടെ മാസികയ്ക്കുവേണ്ടി പ്രതിരോധ കാര്യങ്ങള്‍ വിശകലനം ചെയ്യണമെന്നും നല്ല പ്രതിഫലം നല്‍കാമെന്നും പറഞ്ഞുകൊണ്ടാണ് മാസികയുടെ എഡിറ്റര്‍ എന്ന് അവകാശപ്പെട്ട ഡാമിനി രഞ്ജിത്തുമായി ബന്ധം സ്ഥാപിക്കുന്നത്.

ഓരോ ആഴ്ചയിലും ഡാമിനി രഞ്ജിത്തിന് ഓരോ ജോലികള്‍ നല്‍കുമായിരുന്നു. ഭട്ടിന്‍ഡയുടെ ഗൂഗിള്‍ മാപ്പ് നല്‍കിയശേഷം വ്യോമസേനാ താവളം മുഴുവനായും കാണാന്‍ സാധിക്കുന്ന തരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ രേഖപ്പെടുത്താനുള്ള നിര്‍ദ്ദേശം അവര്‍ നല്‍കി. പിന്നീട് മറ്റൊരു മാപ്പ് നല്‍കിയ ശേഷം അതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റേയും വ്യോമസേനാ താവളത്തിന്റേയും യുദ്ധ വിമാനങ്ങളുടെ പാര്‍ക്കിംഗ് മേഖലയും രേഖപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. താവളത്തിലെ റണ്‍വേയുടെ നീളവും രഞ്ജിത്തിനെ ഉപയോഗിച്ച് ചോര്‍ത്തിയെടുത്തു. രേഖകള്‍ ചോര്‍ത്തുന്നതിന് രഞ്ജിത്തിനെ ഉപയോഗിക്കാതെ പകരം കൃത്യമായ വിവരങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു ഡാമിനി. 30000 മുതല്‍ 35000 രൂപ വരെയാണ് വിവരങ്ങള്‍ കൈമാറുന്നതിന് രഞ്ജിത്തിന് ലഭിച്ചിരുന്നത്.

മറ്റു അനവധി പ്രതിരോധ ഉദ്യോഗസ്ഥരേയും ഇപ്രകാരം ഐഎസ്‌ഐ കബളിപ്പിച്ചിട്ടുണ്ടാകും എന്ന് പൊലീസ് പറയുന്നു.

This post was last modified on December 27, 2016 3:31 pm