X

യുപിയില്‍ ബി എസ് പിയുമായി കൈകോര്‍ക്കാന്‍ ഒവൈസി

അഴിമുഖം പ്രതിനിധി

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി എസ് പിയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തുറന്നിട്ടു.

2017-ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ മുസ്ലിം-ദളിത് സഖ്യത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം യുപിയിലെ ഫൈസാബാദ് ജില്ലയിലെ ബിക്കാപൂര്‍ ജില്ലയില്‍ എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി പറഞ്ഞു. ആ സഖ്യത്തില്‍ എഐഎംഐഎമ്മിന് പ്രധാന പങ്കുണ്ടാകും. ബിക്കാപൂരിലെ വോട്ടര്‍മാരില്‍ 28 ശതമാനം മുസ്ലിംങ്ങളും 18 ശതമാനം ദളിതരുമാണുള്ളത്.

ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ടത് മുസ്ലിം ആയതു കൊണ്ടാണെന്നും ഹൈദരാബാദില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ദളിത് ആയതു കൊണ്ടാണെന്നും ഒവൈസി പറഞ്ഞു. ഔദ്യോഗികമായി ബി എസ് പിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ ഇതുവരെ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞ ഒവൈസി സമാജ് വാദി പാര്‍ട്ടിയെ നാടക കമ്പനിയാണെന്നും വിശേഷിപ്പിച്ചു.

അതേസമയം ജെഡിയു യുപിയില്‍ മൂന്ന് രാഷ്ട്രീയപാര്‍ട്ടികളമായി സഖ്യമുണ്ടാക്കി. ഇവരുമായി ചേര്‍ന്നാകും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിക്കുക. പീസ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ദള്‍, അപ്‌നാ ദള്‍ എന്നിവയുമായിട്ടാണ് യുപിയില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുന്നതിനായി ജെഡിയു കൈകോര്‍ക്കുന്നത്.

This post was last modified on December 27, 2016 3:39 pm