X

ജനനം ആകാശത്ത്, ജീവിതകാലം മുഴുവന്‍ സൗജന്യ ആകാശ യാത്ര

അഴിമുഖം പ്രതിനിധി

നടക്കുന്നതിനു മുന്നേ ഓടാന്‍ തുടങ്ങി എന്നു ചില കുഞ്ഞുങ്ങളെ നോക്കു പറയാറില്ലേ! പറക്കാന്‍ തുടങ്ങി എന്നു പറയാറുണ്ടോ? ചില കുഞ്ഞുങ്ങള്‍ക്ക്, അതും അമ്മയുടെ വയറ്റില്‍ നിന്നും പുറത്തേക്കു വരുമ്പോഴേ പറക്കാന്‍ കഴിയാറുണ്ട്! തമാശ പറഞ്ഞതല്ല, സ്‌കൈ ബോണ്‍ എന്നു കേട്ടിട്ടില്ലേ. അകാശ ജനനം. അത്തരം കുഞ്ഞുങ്ങള്‍ക്കാണ് ഈ പറക്കല്‍ യോഗം കിട്ടുന്നത്.

വിമാനത്തില്‍ വച്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്ന അമ്മമാര്‍ ഇപ്പോള്‍ ഒരു വാര്‍ത്തയൊന്നും അല്ലാതായിട്ടുണ്ട്. എന്നാല്‍ ഈ അകാശ ജനനം വാര്‍ത്തയാകുന്നത്, ഭൂമിയിലെ പുതിയ അവകാശിക്ക് ആകാശത്തു വച്ചു വിമാനക്കമ്പനി പ്രഖ്യാപിച്ച സമ്മാനം കൊണ്ടാണ്.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാനമായ നിയാമേയിലിക്കു പറക്കുകയായിരുന്ന ബുറാഖ് എയര്‍ ലൈനിന്റെ വിമാനത്തില്‍വച്ചാണ് ഒരു സ്ത്രി അവരുടെ കുഞ്ഞിനു ജന്മം നല്‍കിയത്. തക്കസമയത്ത് വേണ്ട വൈദ്യസഹായം ഏര്‍പ്പെടുത്തി വിമാനജീവനക്കാര്‍ അവര്‍ക്ക് സുഖപ്രസവത്തിനുള്ള അവസരം ഒരുക്കികൊടുക്കുകയായിരുന്നു. അങ്ങനെ ആ ആകാശയാത്രയില്‍ ഒരു ആണ്‍കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി. ഈ സന്തോഷം എങ്ങനെയാണ് ബുറാഖ് എയര്‍ ആഘോഷിച്ചതെന്നാല്‍, ആ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ തങ്ങളുടെ വിമാനത്തില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ്.

ട്രിപ്പോളി ആസ്ഥാനമായ ബുറാഖ് എയര്‍ലൈന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതായത് ഇവിടെയുള്ള രാജ്യങ്ങളിലേക്കൊക്കെ പറക്കണമെങ്കില്‍ ഈ കുഞ്ഞിനു സൗജന്യമായി തന്നെ ബുറാഖ് എയര്‍ലൈനിന്റെ വിമാനങ്ങള്‍ ആശ്രയിക്കാമെന്ന്.

മറ്റൊന്നുകൂടിയുണ്ട്. തന്റെ കുഞ്ഞിന് ആ അമ്മ പേരും ഇട്ടു കഴിഞ്ഞു; അബ്ദുള്‍ ബാസത്. ആ പേരിന്റെ പ്രത്യേകത എന്താണെന്നോ? വിമാനത്തിന്റെ ക്യാപ്റ്റന്റെ പേരും അതാണ്.

കഴിഞ്ഞ മാസം 14 ന് ദുബായില്‍ നിന്നും മനിലയിലേക്കു പോയ സെബു പെസഫിക്കിന്റെ വിമാനത്തില്‍വച്ച് ഒരു സ്ത്രീ തന്റെ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ഫിലിപ്പീന്‍സ് ആസ്ഥാനമായുളള വിമാനക്കമ്പനിയുടെ വക സമ്മാനം ഒരു മില്യണ്‍ എയര്‍ മൈല്‍സ് സൗജന്യ യാത്രയായിരുന്നു.

1990ല്‍ ഖാനയില്‍ നിന്നും യുകെയിലേക്കു വരികയായിരുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍വച്ച് ഡെബ്ബി ഓവന്‍ എന്ന സ്ത്രീയാണ് ആദ്യമായി വിമാനത്തില്‍വച്ചു പ്രസവിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓവന്‍ തന്റെ കുഞ്ഞിനിട്ട പേര് Shona Kristy Yves എന്നായിരുന്നു. ആ പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചു നോക്കൂ!

This post was last modified on December 27, 2016 2:29 pm