X

ഡല്‍ഹി കൂട്ടബലാത്സംഗം; പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്

അഴിമുഖം പ്രതിമുഖം

ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. ബിബിസിയുടെ വിവാദമായ ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യൂമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗമാണ് അഭിഭാഷകര്‍ക്കെതിരെ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ എം എല്‍ ശര്‍മ, എ കെ സിംഗ് എന്നിവര്‍ മൂന്നാഴ്ചയ്ക്ക് അകം മറുപടി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിബിസി ഡോക്യുമെന്ററിയില്‍ പ്രതി മുകേഷ് സിങ്ങും അഭിഭാഷകരും ബലാല്‍സംഗത്തിനുത്തരവാദി പെണ്‍ക്കുട്ടികളാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇവരുടെ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെക്കുകയും ഇരുവരുടെയും ലൈസന്‍സ് തിരികെ വാങ്ങണമെന്ന് മറ്റ് അഭിഭാഷകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടതാണെന്നാണ് ഇരുവരുടെയും വാദം. ഡോക്യുമെന്ററി സംപേക്ഷണം ഇന്ത്യ വിലക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുത്ത് യുടൂബും ഡോക്യൂമെന്ററി പിന്‍വലിച്ചിരുന്നു.

This post was last modified on December 27, 2016 2:52 pm