X

സുപ്രീംകോടതിയും പറഞ്ഞു, വിമതര്‍ക്ക് വോട്ടില്ല

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് കോടതികളില്‍ നിന്നുള്ള തിരിച്ചടികള്‍ തുടരുന്നു. നിയമസഭയില്‍ നിന്നും ഒമ്പത് വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടിയെ ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് വിമതര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയും തള്ളി.

ഇന്ന് രാവിലെയാണ് ഹൈക്കോടതി വിമതരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധിച്ചത്. സുപ്രീംകോടതി വിധിയും കോണ്‍ഗ്രസിന് ആശ്വാസമായി.

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ വീട്ടില്‍ വിജയാഹ്ലാദം പങ്കിട്ടു. വിധിയില്‍ അദ്ദേഹം സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു.

നാളെയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തരഖണ്ഡില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം നാളെ അവസാനിക്കുമെന്ന് റാവത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബിജെപി കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്നും വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ച് 27-നാണ് കേന്ദ്ര സര്‍ക്കാര്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ വിമത പ്രശ്‌നം ഉടലെടുത്തതിനെ തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിന് ഒരു ദിവസം മുമ്പാണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

70 അംഗ നിയമസഭയില്‍ 36 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ബിജെപിക്ക് 28-ഉം ബി എസ് പിക്ക് രണ്ടും മൂന്ന് സ്വതന്ത്രരും യുകെഡി(പി)ക്ക് ഒന്നും എംഎല്‍എമാരുണ്ട്. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ റബലായപ്പോള്‍ ബിജെപിയുടെ ഒരു എംഎല്‍എയും റബലായി.

സുപ്രീംകോടതിയുടെ വിധിയോടെ അംഗ സംഖ്യ 62 ആയി കുറഞ്ഞു. ഭൂരിപക്ഷം നേടാന്‍ 32 പേരുടെ പിന്തുണ വേണം. സ്പീക്കര്‍ ഗോവിന്ദ് സിംഗ കണ്‍വാലിന്റേത് അടക്കം 27 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടേയും ഒരു യുകെഡി എംഎല്‍എയുടേയും പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. വിമത ബിജെപി എംഎല്‍എയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല.

This post was last modified on December 27, 2016 4:09 pm