X

ബിജെപിക്ക് വോട്ടു പിടിക്കാന്‍ മഹാഭാരതവും

അഴിമുഖം പ്രതിനിധി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യവുമായി സംഘപരിവാര്‍ അനുകൂല സംഘടനകള്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഹിന്ദുമതാചാര്യന്മാരെ അണിനിരത്തി മഹാഭാരതം എന്ന പേരില്‍ ഒരു ബൃഹദ് സംഗമത്തിനാണ് ഈ സംഘടനകള്‍ രൂപം നല്‍കിയിട്ടുള്ളത്. ഏപ്രില്‍ ആറിന് കോഴിക്കോടാണ് ഹിന്ദു മതാചാര്യന്‍മാരുടെ സംഗമം നടക്കുന്നത്.

കോഴിക്കോട് കുളത്തൂരിലുള്ള അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയാണ് മഹാഭാരതം സംഗമത്തിന്റെ മുഖ്യസംഘാടകന്‍. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗക്ഷേമ സഭയുടെ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബിജെപി നേതാവ് ശശികല തുടങ്ങിയവര്‍ ഉപദേശ സമിതി അംഗങ്ങളാണ്.

ശ്രീശ്രീ രവിശങ്കര്‍, ബാബ രാംദേവ്, വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ആര്‍ട്ട് ഓഫ് ലിവിങ്, അമൃതാനന്ദമയി മഠം, ചിന്മയമിഷന്‍, രാമകൃഷ്ണ മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഭാരതീയം പരിപാടിയില്‍ പങ്കെടുക്കും. മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ഹിന്ദു ജനസംഖ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവിനെ കുറിച്ച് സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.

ബിജെപിയും ആര്‍ എസ് എസും ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മലബാര്‍ മേഖലയില്‍ വേണ്ടത്ര ഫലം കണ്ടിട്ടില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഭാരതീയം സംഘടിപ്പിക്കുന്നതെന്നും അവര്‍ അറിയിച്ചു.

This post was last modified on December 27, 2016 3:55 pm