X

ആദ്യം രാഹുലിനെ കണ്ടെത്തുക! എന്നിട്ടാകാം മോദി വിമർശനം; കോൺഗ്രസിന് ബിജെപിയുടെ ഉപദേശം

അഴിമുഖം പ്രതിനിധി

ആദ്യം കാണാതായ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടെത്തുക. എന്നിട്ടാകാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കലെന്ന് കോൺഗ്രസിന് ബിജെപിയുടെ ഉപദേശം. ബെംഗലുരുവില്‍ നടക്കുന്ന  ദേശീയ നിര്‍വാഹക സമിതിയില്‍ അധ്യക്ഷപ്രസംഗം നടത്തവെ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത് ഷാ ദേശീയ അധ്യക്ഷനുമായതിന് ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ നിര്‍വാഹക സമിതിയോഗമാണ് ഇത്.

2014 പാര്‍ട്ടിയുടെ വിജയ വര്‍ഷമാണെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ അംഗസംഖ്യ 10 കോടി കവിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മോദിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ കേരളം നേടിയ മുന്നേറ്റത്തേയും ദേശീയ നിര്‍വാഹക സമിതി യോഗം അഭിനന്ദിച്ചു. കേരളവും തമിഴ്‌നാടുമുള്‍പ്പെടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും നേതൃത്വം തീരുമാനിച്ചു.

രാഷ്ട്രീയത്തില്‍ ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതായും ക്രിയാത്മക പ്രവര്‍ത്തനങ്ങളാണ് ഏവരില്‍നിന്നും ഉണ്ടാകേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കായി പ്രത്യേക ശില്‍പശാലകള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ തന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചരണ പരിപാടികളുണ്ടാകുമെ നേരത്തെ നടന്ന ഭാരവാഹിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

This post was last modified on December 27, 2016 2:53 pm